549ല്‍ നിന്ന് 3278 ലേക്ക്; സംസ്ഥാനത്തും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം പെരുകുന്നു

എല്ലാതരത്തിലുംപെട്ട 549 അതിക്രമങ്ങളാണ് 2008ല്‍ രേഖപ്പെടുത്തിയതെങ്കില്‍ 2018ല്‍ ഒക്ടോബര്‍ വരെ മാത്രം 3278 ആയി വര്‍ധിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനവും പ്രകൃതി വിരുദ്ധ പീഡനവും മുതല്‍ ബലാല്‍സംഗവും കൊലപാതകവും വരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പെടുന്നു.

Update: 2019-01-12 01:48 GMT
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുതിച്ചുയരുന്ന സംസ്ഥാനങ്ങളില്‍ കേരളവും. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടലുളവാക്കുന്ന വിവരങ്ങളുള്ളത്.

2008 മുതല്‍ 2018 വരെയുള്ള 10 വര്‍ഷക്കാലയളവില്‍ കുട്ടികള്‍ക്കെതിരായുണ്ടായ കുറ്റകൃത്യങ്ങളുടെ താരതമ്യ പഠനത്തിലാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്. എല്ലാതരത്തിലുംപെട്ട 549 അതിക്രമങ്ങളാണ് 2008ല്‍ രേഖപ്പെടുത്തിയതെങ്കില്‍ 2018ല്‍ ഒക്ടോബര്‍ വരെ മാത്രം 3278 ആയി വര്‍ധിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനവും പ്രകൃതി വിരുദ്ധ പീഡനവും മുതല്‍ ബലാല്‍സംഗവും കൊലപാതകവും വരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പെടുന്നു. 2018ലെ ആദ്യ പത്തുമാസങ്ങളില്‍ മാത്രം 999 ബലാല്‍സംഗങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ബാല്യ വിവാഹ നിരോധന നിയമപ്രകാരം 2008 മുതല്‍ 2017 വരെ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2017 മുതല്‍ 2018 ഒക്ടോബര്‍ വരെ 15 കേസുകളാണ് ഉണ്ടായിട്ടുള്ളത്. പോക്‌സോ പ്രകാരം കേസെടുക്കുന്ന വാര്‍ത്തകളില്ലാതെ ഒരു ദിവസം പോലും കടന്നു പോവുന്നില്ല.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇതിനെക്കുറിച്ചുള്ള അവബോധം കൂടുതലായതുകൊണ്ട് റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും കൂടുന്നതിനാലാണ് കണക്കുകളില്‍ വര്‍ധന പ്രതിഫലിക്കുന്നതെന്നാണ് അധികൃതഭാഷ്യം.

വിദ്യാലയങ്ങളിലും ബന്ധു ഗൃഹങ്ങളിലും സ്വന്തം വീട്ടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്നത് ഭയജനകമായ യാഥാര്‍ഥ്യമാണ്. ശക്തമായ സാമൂഹിക ബോധവല്‍ക്കരണവും കര്‍ശനമായ നിയമ നടപടികളും കൊണ്ടു മാത്രമേ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനാവൂ.

Tags:    

Similar News