ജാഗ്രതൈ... പുറത്തിറങ്ങിയില്ലെങ്കിലും കുഞ്ഞുങ്ങള്‍ക്ക് സൂര്യാതപമേല്‍ക്കാം
കട്ടിലില്‍ ഉറങ്ങുകയാണെന്നു കരുതി കുഞ്ഞുമക്കളെ ഏറസമയം ശ്രദ്ധിക്കാതിരുന്നാല്‍ പിന്നെ പോയി നോക്കുമ്പോള്‍ മിണ്ടുന്നില്ലെങ്കില്‍ വാവിട്ടു കരഞ്ഞിട്ടു കാര്യമില്ല
കേരളം ചുട്ടുപൊള്ളുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രളയശേഷമുള്ള കേരളം മാര്‍ച്ചില്‍ അനുഭവിക്കുന്നത് കൊടുംവരള്‍ച്ചയും ചൂടുമാണ്. ആരോഗ്യവകുപ്പും കാലാവസ്ഥാ നിരീക്ഷണ വകുപ്പും സര്‍ക്കാരുമെല്ലാം ദിനംപ്രതി മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. ജോലി സമയം പുനക്രമീകരിക്കുന്നു, രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള വെയില്‍ നേരിട്ട് കൊള്ളരുത്, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ പലവിധ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് വീടിനു പുറത്തിറങ്ങാതെയും കുട്ടികള്‍ക്ക് സൂര്യാതപമേല്‍ക്കുമെന്നത്. എങ്ങനെയാണ് ഇതെന്ന് അറിഞ്ഞിരിക്കുന്നത് വീട്ടമ്മമാര്‍ക്കും നല്ലതാണ്. കാരണം, കട്ടിലില്‍ ഉറങ്ങുകയാണെന്നു കരുതി കുഞ്ഞുമക്കളെ ഏറസമയം ശ്രദ്ധിക്കാതിരുന്നാല്‍ പിന്നെ പോയി നോക്കുമ്പോള്‍ മിണ്ടുന്നില്ലെങ്കില്‍ വാവിട്ടു കരഞ്ഞിട്ടു കാര്യമില്ല. കുറേനേരം സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരുമ്പോഴാണ് സാധാരണ സൂര്യാഘാതം(സണ്‍ സ്‌ട്രോക്ക്) ഉണ്ടാവാറുള്ളത്. സൂര്യാതപവും(ഹീറ്റ് എക്‌സോഷന്‍) സമാനമായി സംഭവിക്കുന്നതാണ്. എന്നാല്‍ വീട്ടിനു പുറത്തിറങ്ങാതെയും കുട്ടികള്‍ക്ക് സൂര്യാതപമേല്‍ക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മുറിയിലെ താപനില ഇടയ്ക്കിടെ ശ്രദ്ധിക്കുകയാണു വേണ്ടത്. മുറിയിലെ താപനില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിനു തുല്യമാവും. ഇത് മുതിര്‍ന്നവര്‍ക്ക് താങ്ങാനാവുമെങ്കിലും പലപ്പോഴും കൊടുംചൂടില്‍ കുട്ടികള്‍ തളര്‍ന്നുപോവും. വിയര്‍പ്പ് താരണം ജലാംശം നഷ്ടപ്പെട്ട് അബോധാവസ്ഥയിലേക്കു വീഴും. വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ പെടുന്ന അതേ അവസ്ഥയായിരിക്കും. ചൂട് കൂടുമ്പോള്‍ ശരീരത്തിന് സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടാവുന്നത് മരണകാരണം വരെയാവാമെന്നും മെഡിക്കല്‍ സംഘം പറയുന്നു.