റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ കാണാം; സ്ത്രീസുരക്ഷയുടെ ഐഡി കാര്‍ഡ്

റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ സ്‌ക്രീനുകളില്‍ ഇന്നുമുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Update: 2019-01-05 14:33 GMT

തിരുവനന്തപുരം: വ്യക്തിബന്ധങ്ങളില്‍ ഐഡന്റിറ്റിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഹ്രസ്വചിത്രം 'ഐഡി കാര്‍ഡ്' ഇനി റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ സ്‌ക്രീനുകളില്‍ കാണാം. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി തയ്യാറാക്കിയ ബോധവല്‍കരണ ഹ്രസ്വചിത്രമായ ഐഡി കാര്‍ഡ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തിരുവനന്തപുരം റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ഡോ. രാജേഷ്ചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.

സ്ത്രീകള്‍ക്കു നേരെ ഏത് അക്രമമുണ്ടായാലും കേരളാ വനിതാ കമ്മീഷനെ സമീപിക്കാമെന്ന സന്ദേശമാണ് ഹ്രസ്വ ചിത്രത്തിലൂടെ നല്‍കുന്നത്. സംസ്ഥാന വനിതാ കമ്മീഷനും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റെയില്‍വേ ജീവനക്കാരനായ കിഷോര്‍ ആണ്. വ്യക്തികളുടെ ഐഡന്റിറ്റി മനസ്സിലാക്കാതെ മൊബൈല്‍ ഫോണിലൂടെയുള്ള പരിചയം കൊണ്ടുമാത്രം പെണ്‍കുട്ടികള്‍ ജീവിതം തിരഞ്ഞെടുക്കുന്നതും വൃദ്ധരായ സ്ത്രീകളോടുള്ള യുവാക്കളുടെ മോശം പെരുമാറ്റവും അലക്ഷ്യമായ ഡ്രൈവിങ്ങും അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്ക് ഐഡന്റിറ്റി കാര്‍ഡ് കരുതണമെന്ന മുന്നറിയിപ്പുമായാണ് ചിത്രം പൂര്‍ണമാകുന്നത്.

റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ സ്‌ക്രീനുകളില്‍ ഇന്നുമുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കും. സ്ത്രീസുരക്ഷ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യാത്രാവേളകളില്‍ സത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കടന്നാക്രമങ്ങള്‍ ഇല്ലാതാകണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. സ്ത്രീകള്‍ എവിടെയും സുരക്ഷിതരായിരിക്കണമെന്ന് സമൂഹത്തിന് നല്‍കുന്ന ജാഗ്രതയാണ് ഈ ഹ്രസ്വചിത്രമെന്നും അവര്‍ പറഞ്ഞു.



Tags:    

Similar News