ഇസ്രായേലില്‍ ചുവന്ന പശുക്കുട്ടി പിറന്നു; ബൈബിളില്‍ പറയുന്ന ലോകാവസാനത്തിന്റെ അടയാളമെന്ന്
ജറുസലേം: ഇസ്രായേലിലെ ജൂത ആരാധനാലയത്തില്‍ പിറന്ന ചുവന്ന പശുക്കുട്ടി വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടന്‍ ചര്‍ച്ചയാവുന്നു. ബൈബിലും ജൂത മതഗ്രന്ഥങ്ങളിലും പറയുന്ന എല്ലാം തികഞ്ഞ ചുവന്ന പശുക്കുട്ടിയാണിതെന്നാണ് മതപുരോഹിതരുടെ വാദം. 2000 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു പശുക്കുട്ടി ജനിക്കുന്നത്. ദി സണ്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, ഡെയ്‌ലി സ്റ്റാര്‍, സിബിഎന്‍ ന്യൂസ് തുടങ്ങിയ പത്രങ്ങളെല്ലാം വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജറുസലേമിലെ ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പശുക്കുട്ടിയുടെ ജനനത്തെക്കുറിച്ച് യൂട്യൂബില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമാണ് പശുക്കുട്ടിയുടെ പിറവി. തുടര്‍ന്ന് ഇതിനെ വിശദമായ പരിശോധന നടത്തിയ ഇന്‍സ്റ്റിറ്റിയൂട്ട് മതഗന്രന്ഥങ്ങളില്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും ഇതിനുണ്ടെന്ന് സൂചന നല്‍കി.
ക്രിസ്ത്യന്‍, ജൂത മതങ്ങളില്‍ ലോകാവസാനത്തിന്റെ സൂചനകളില്‍ പ്രധാനമാണ് ചുവന്ന പശുക്കുട്ടിയുടെ ജനനം. ഇതിനെ ബലിയറുത്ത ശേഷമാണ് ജറുസലേമില്‍ മൂന്നാമത്തെ ടെംപിളിന്റെ നിര്‍മാണം ആരംഭിക്കുക. മൊറിയ പര്‍വതത്തില്‍(മൗണ്ട് ടെംപിള്‍) മൂന്നാം ടെംപിള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ മറ്റു ഗ്രൂപ്പുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
പൂര്‍ണആരോഗ്യമുള്ള ന്യൂനതകളില്ലാത്ത ചുവന്ന പശുക്കുട്ടിയുടെ പിറവിക്ക് പിന്നാലെ ജൂത മിശിഹാ തിരിച്ചുവരുമെന്നാണ് ബൈബിളില്‍ പറയുന്നത്. പശുക്കുട്ടിയുടെ ജനനത്തിന്റെ പ്രാധാന്യം വിവരിക്കുന്ന വീഡിയോ ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ടിട്ടുണ്ട്.
[embed]https://www.youtube.com/watch?time_continue=3&v=mOMH2qY6RCY[/embed]
ചുവന്ന പശുക്കുട്ടി ജനിച്ചാല്‍ ജറുസലേമിലെ ടെംപിള്‍ മൗണ്ടില്‍ തങ്ങള്‍ക്ക് മൂന്നാം ടെംപിള്‍ പുനര്‍നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ജൂത, ക്രിസ്ത്യന്‍ മതമൗലിക വാദികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് സ്ഥാപിക്കണമെങ്കില്‍ ഇപ്പോള്‍ അവിടെ നിലവിലുള്ള മുസ്്‌ലിം ആരാധനാലയമായ ബൈതുല്‍ മുഖദ്ദസ്(അല്‍അഖ്‌സ പള്ളി) പൊളിക്കണം. അല്‍അഖ്‌സ പള്ളി കൈയടക്കുന്നതിന് കാലങ്ങളായി ജൂതമതവിഭാഗം നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ടെംപിള്‍ പുനര്‍നിര്‍മിച്ചാലുടന്‍ ജൂതമിശിഹാ തിരിച്ചുവരുമെന്നാണ് മുഖ്യധാരാ ഓര്‍ത്തഡോക്‌സ് ജൂതമത വിശ്വാസം. മനുഷ്യകുലം തുടര്‍ന്ന് അന്തിമവിധിയെ അഭിമുഖീകരിക്കുമെന്നും ജൂതമതഗ്രന്ഥങ്ങളില്‍ പറയുന്നു.
ജന്മനാ യാതൊരു തകരാറുമില്ലാത്ത ശുദ്ധമായ ചുവപ്പിലുള്ള പശുക്കുട്ടിയാണിതെന്നാണ് ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിലയിരുത്തിയിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ ദേവാലയം പുനര്‍നിര്‍മിക്കുന്നതിനായി 1987ലാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്. നിലവില്‍ പശുക്കുട്ടിക്ക് ആവശ്യമായ യോഗ്യതളുണ്ടെന്നും എന്നാല്‍, മൂന്ന് മാസത്തെ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവൂ എന്നും ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ഈ മൂന്ന് മാസത്തിനിടെ പശുക്കിട്ടിക്ക് എന്തെങ്കിലും തകരാറ് ശ്രദ്ധയില്‍പ്പെട്ടാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടും.