ഭക്ഷണ വിതരണം കാറ്ററിങ്ങ് യൂനിറ്റുകളെ ഏല്‍പ്പിക്കുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്
കണ്ണൂര്‍ : വിവാഹം, സല്‍ക്കാരം, പാര്‍ട്ടി, വിരുന്ന് എന്നീ ചടങ്ങുകളില്‍ കാറ്ററിങ്ങ് യൂനിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍ പൊതുജനങ്ങള്‍ കാറ്ററിങ്ങ് യൂനിറ്റുകളെ പരിപാടി ഏല്‍പ്പിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ണൂര്‍ അസിസ്റ്റന്റ് കമീഷണര്‍ മുന്നറിയിപ്പു നല്‍കി.
കാറ്ററിങ്ങ് യൂനിറ്റിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് (എഫ്.എസ്.എസ്.എ ലൈസന്‍സ്) ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലൈസന്‍സ് നോക്കി കണ്ട് ഉറപ്പ് വരുത്തണം. കാറ്ററിങ്ങ് യൂനിറ്റ് ഉപയോഗിച്ചുവരുന്ന കുടിവെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഉണ്ടെന്നും കാറ്ററിങ്ങ് യൂനിറ്റിലെ ജോലിക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
കാറ്ററിങ്ങ് യൂനിറ്റ് നേരിട്ട് കണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഭക്ഷണ സാധനങ്ങള്‍ നേരിട്ട് എത്തിക്കുവാന്‍ വാഹന സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
എല്ലാ സേവനങ്ങള്‍ക്കും സ്ഥാപനത്തിന്റെ പേരും വിവരവും എഫ്.എസ്. എസ്.എ. നമ്പറുമുള്ള ബില്‍ വാങ്ങുക. പരിപാടി നടത്തുന്ന ഓഡിറ്റോറിയം/മണ്ഡപങ്ങള്‍ക്ക് എഫ്.എസ്.എസ്.എ ലൈസന്‍സ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, പാത്രങ്ങള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ നടപടികളുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വിവരം കണ്ണൂര്‍ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 നമ്പറിലോ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കുക. എന്തെങ്കിലും ഭക്ഷ്യ വിഷബാധ/വയറിളക്കം ഛര്‍ദ്ദി ഉണ്ടായാല്‍ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും നശിപ്പിക്കാതെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ അറിയിക്കേണ്ടതാണ്.
കാറ്ററിങ്ങ് യൂനിറ്റുകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കാറ്ററിങ്ങ് യൂനിറ്റുകള്‍ എഫ്.എസ്.എസ്.എ. ലൈസന്‍സ്, വെള്ള പരിശോധനാ റിപ്പോര്‍ട്ട് എന്നിവ ഉറപ്പ് വരുത്തണം. വെള്ളം മൂന്നു മാസം കൂടുമ്പോള്‍ പരിശോധന നടത്തേണ്ടയാണ്. ജോലിക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ആറു മാസം കൂടുമ്പോള്‍ നടത്തുക. ജോലിക്കാരുടെ വ്യക്തി ശുചിത്വം നിര്‍ബന്ധിതമായി പാലിക്കുക.
മാംസാഹാരം മത്സ്യം/എന്നിവ വാങ്ങി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഉറവിടം അന്വേഷിക്കുക. എഫ്.എസ്.എസ്.എ രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രം വാങ്ങി ഉപയോഗിക്കുക. ദിവസേന വാങ്ങുന്ന സ്ഥാപനങ്ങളുടെ പേര്, മറ്റ് വിവരം എന്നിവ എഴുതി രജിസ്റ്ററില്‍ സുക്ഷിക്കുക. മാംസാഹാരം/ മത്സ്യം എന്നിവ കഴുകി വൃത്തിയാക്കി ഫ്രീസറില്‍ 18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.
ഉപയോഗിക്കുന്ന മറ്റു സാധനങ്ങളുടെ നിര്‍മ്മാണ തീയതി കാലാവധി നോക്കി ഉറപ്പ് വരുത്തുക. ഉപയോഗിക്കുന്ന മസാല, പൊടികള്‍, എണ്ണ എന്നിവയുടെ കാലാവധിയും നോക്കി കണ്ട് മാത്രം ഉപയോഗിക്കുക.
ഉപയോഗിക്കാനായി തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ തനതായ ഉഷ്മാവില്‍ സൂക്ഷിക്കുകയും, വാഹനങ്ങളില്‍ അതേ ഊഷ്മാവില്‍ കേന്ദ്രത്തില്‍ പരമാവധി വേഗത്തില്‍ അടച്ചു വെച്ച് എത്തിക്കുകയും വേണം. ചൂടായി ഉപയോഗിക്കേണ്ടുന്നവ 60 ഡിഗ്രി സെന്റിഗ്രേഡിലും തണുത്തവ അഞ്ച് ഡിഗ്രി സെന്റി ഗ്രേഡിലുമെത്തിക്കേണ്ടുന്ന കാര്യം ഉറപ്പ് വരുത്തുക.
ഉപയോഗിക്കുന്നതിന് തൊട്ട് മുമ്പ് ഭക്ഷണ സാധനങ്ങളുടെ ഗുണ നിലവാരം ശ്രദ്ധിക്കുക. ഭക്ഷണ സാധനങ്ങളുടെ ഗുണം, മണം, രുചി എന്നിവ നേരിട്ട് പരിശോധിക്കുക. എന്തെങ്കിലും പ്രകടമായ മാറ്റം ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക. കാറ്ററിങ്ങ് ഏറ്റെടുക്കുന്നതിന് മുമ്പ് അത് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് ബോധ്യപ്പെടുക. ഉപഭോക്താവിന് കൃത്യമായ ബില്ല്, ലൈസന്‍സ്, വെള്ളം പരിശോധനാ റിപ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.