ആംസ്റ്റര്‍ഡാം: യുവേഫ നാഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹോളണ്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി. ഹോളണ്ടിന്റെ തട്ടകത്തില്‍ ചെന്ന് അവരുമായി മാറ്റുരയ്ച്ച ജര്‍മനി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് നേരിട്ടത്. വിര്‍ജില്‍ വാന്‍ ഡിജിക്ക്, മെംഫിസ് ഡിപേ, ജോര്‍ജിനോ വിജിനാള്‍ഡും എന്നിവരാണ് ഹോളണ്ടിനായി വല കുലുക്കിയത്. ആദ്യ പകുതിയില്‍ ലീഡ് നേടിയ ഹോളണ്ടിന്റെ പിന്നീടുള്ള രണ്ട് ഗോളും വീണത് അവസാന അഞ്ച് മിനിറ്റുകളില്‍ നിന്നാണ്.
ചരിത്രത്തില്‍ ഹോളണ്ടിനോട് ജര്‍മനി വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. ഇതിനു മുമ്പ് മൂന്നോ അതില്‍ കൂടുതലോ ഗോള്‍മാര്‍ജിനില്‍ ജര്‍മനി ഡച്ച് പടയ്ക്കു മുന്നില്‍ പരാജയപ്പെട്ടിട്ടില്ല. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനിയെ ഓറഞ്ച് പട പരാജയപ്പെടുത്തുന്നത്.
രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹോളണ്ട് ഫ്രാന്‍സിന് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ജര്‍മനി മൂന്നാം സ്ഥാനത്താണ്. ടൂര്‍ണമെന്റില്‍ ഹോളണ്ടിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജര്‍മനിക്ക് വിജയം കണ്ടെത്താനായില്ല. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരങ്ങളില്‍ ജര്‍മനി ഫ്രാന്‍സിനോട് സമനില വഴങ്ങിയപ്പോള്‍ ഹോളണ്ട് ഫ്രാന്‍സിനോട് തോല്‍വി സമ്മതിച്ചിരുന്നു.
ലോകകപ്പില്‍ മങ്ങിയ പ്രകടനം കാഴ്ച വച്ച ജര്‍മനിക്ക് പിന്നീടുള്ള മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. അതും പെ്‌റുവിനോട് 2-1ന്റെ നേരിയ ജയം.
ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ ചെക്ക് റിപബ്ലിക്ക് 2-1ന് സ്ലൊവാക്യയെ തോല്‍പിച്ചപ്പോള്‍ ഡെന്‍മാര്‍ക്ക്- അയര്‍ലാന്‍ഡ് മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു. ഗ്രൂപ്പ് സിയില്‍ നോര്‍വെ 1-0ന് സ്ലൊവേനിയയെയും ബള്‍ഗേറിയ 2-1ന് സൈപ്രസിനെയും ഗ്രൂപ്പ് ഡിയില്‍ ജിബ്രാള്‍ട്ടര്‍ 1-0ന് അര്‍മേനിയയെയും ജോര്‍ജിയ 3-0ന് അന്‍ഡോറയെയും മസിഡോണിയ 4-1ന് ലിചെന്‍സ്‌റ്റെയ്‌നിനെയും തോല്‍പിച്ചു.