ഗുലാം അലി പാടാതിരിക്കുമ്പോള്‍

Update: 2016-01-17 13:08 GMT











 

താന്‍ സഹോദരനെ പോലെ സ്‌നേഹിക്കുന്ന  ജഗ്ജിത് സിംഗിന് ശ്രദ്ധാഞ്ജലിയായി സംഗീതാര്‍ച്ചന നടത്തുവാനെത്തിയതായിരുന്നു ഗുലാം അലി സാബ്. അതിന് മുമ്പ് എവിടെയൊക്കെ, എത്രതവണ അദ്ദേഹത്തിന്റെ ശബ്ദമാധുരി ഇന്ത്യയുടെ ആത്മാവിനെ കുളിരണിയിച്ചിട്ടുണ്ട്! കഴിഞ്ഞ ഏപ്രിലില്‍ പോലും സംഗീത കച്ചേരി നടത്തിയതാണ്. അതും നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍, സങ്കട്‌മോചനില്‍.






 

ജമാല്‍ കൊച്ചങ്ങാടി


ഴിഞ്ഞ ഒക്ടോബറില്‍ മുംബൈ ഷണ്‍മുഖാനന്ദഹാളില്‍ ഗുലാം അലിയുടെ ഗസല്‍ പരിപാടി നടക്കേണ്ടതായിരുന്നു. ശിവസേനാ ഭീഷണിയെ തുടര്‍ന്ന് അത് റദ്ദാക്കേണ്ടിവന്നപ്പോള്‍ വേദനയോടെ അദ്ദേഹം പറഞ്ഞു:
എനിക്കാരോടും വിദ്വേഷമില്ല. പക്ഷേ, വ്രണിതഹൃദയനാണു ഞാന്‍. കലാകാരന്‍ മാത്രമല്ല, അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാ സംഗീതപ്രണയികളും വ്രണിതഹൃദയരാവുകയായിരുന്നല്ലൊ. താന്‍ സഹോദരനെ പോലെ സ്‌നേഹിക്കുന്ന  ജഗ്ജിത് സിംഗിന് ശ്രദ്ധാഞ്ജലിയായി സംഗീതാര്‍ച്ചന നടത്തുവാനെത്തിയതായിരുന്നു ഗുലാം അലി സാബ്. അതിന് മുമ്പ് എവിടെയൊക്കെ, എത്രതവണ അദ്ദേഹത്തിന്റെ ശബ്ദമാധുരി ഇന്ത്യയുടെ ആത്മാവിനെ കുളിരണിയിച്ചിട്ടുണ്ട്! കഴിഞ്ഞ ഏപ്രിലില്‍ പോലും സംഗീത കച്ചേരി നടത്തിയതാണ്. അതും നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍, സങ്കട്‌മോചനില്‍.
ഗുലാം അലിയെ മഹാരാഷ്ട്ര പാടാന്‍ അനുവദിക്കുകയില്ലെങ്കില്‍ തങ്ങള്‍ ആതിഥേയരാകാമെന്ന് പറഞ്ഞ് ന്യൂഡല്‍ഹിയുടെ അരവിന്ദ് കെജ്‌രിവാളും ബംഗാളിന്റെ മമതാ മുഖര്‍ജിയും യുപിയുടെ അഖിലേഷ് യാദവും മുന്നോട്ട് വന്നു. അപ്പോള്‍ ഗുലാം അലിക്ക് സംരക്ഷണം നല്‍കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു. ഇന്ത്യാ-പാക് രാഷ്ട്രീയത്തെ കലാകാരനുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. പക്ഷേ, ശിവസേനയുടെ പിന്തുണയോടെ അവിടെ ഭരണം നടത്തുന്ന ബിജെപിക്കാരനാണല്ലൊ ടിയാന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമൊക്കെത്തന്നെയാണ് യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ഈ സംഗീത വിലക്കുകള്‍ക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍, സാമാന്യ ബുദ്ധിമതി.
ഏതായാലും ഇത്തരം അനാവശ്യ വിവാദങ്ങള്‍കൊണ്ട് കലുഷമായ ഒരന്തരീക്ഷത്തില്‍ പാടാന്‍ സാധ്യമല്ലെന്ന ഗുലാം അലിയുടെ നിലപാട് ഭീരുത്വത്തിന്റെതല്ല വിവേകത്തിന്റെതായിരുന്നു. മതം മനുഷ്യനെ കലഹിക്കാന്‍ പഠിപ്പിക്കുന്നില്ലെന്നു പറഞ്ഞ മഹാകവി ഇഖ്ബാലിന്റെ നാട്ടുകാരനാണല്ലൊ ഈ ഗായകന്‍. ഇഖ്ബാലും ഗുലാം അലിയും പിറന്നുവീണത് സിയാല്‍ക്കോട്ടില്‍.
ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാച്ച് മാച്ച് എത്രയോ മഹാഗായകര്‍ പാക്കിസ്താനില്‍നിന്നും ഇന്ത്യയിലെത്തി ഇവിടത്തെ സംഗീതപ്രേമികളുടെ മനസ്സില്‍ സ്ഥിരമായ ഇടം നേടി!
അവരില്‍ ഒന്നാമന്‍ ബഡേഗുലാം അലിഖാന്‍ തന്നെ. ഗുലാം അലിയുടെ ആദ്യഗുരു. ബഡാ ഉസ്ദാതിന്റെ വലിയ ആരാധകനായിരുന്നുവല്ലൊ അദ്ദേഹത്തിന്റെ പിതാവ്. ഈ ആരാധന മൂത്താണ് മകന് നാമകരണം നടത്തിയത്‌പോലും. പത്ത് വയസ്സുള്ള മകനുമായി ബഡാ ഉസ്താദിനെ സമീപിച്ച് അവന് സംഗീതപാഠങ്ങള്‍ ചൊല്ലിക്കൊടുക്കണമെന്നഭ്യര്‍ത്ഥിച്ചതും മറ്റൊന്നുകൊണ്ടുമല്ല.
ഒരു തുമരി പാടൂ- ഉസ്താദ് പറഞ്ഞു.
സെയ്യാന്‍ ബോലോ-കൊച്ചുഗുലാമലി പാടി.കുട്ടിയുടെ പാട്ടു കഴിഞ്ഞപ്പോള്‍ ഉസ്താദ് അവനെ കോരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു. ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുത്തതിന് ശേഷം സഹോദരന്‍ ഉസ്താദ് ബര്‍ക്കത്തലിഖാനെ ഏല്‍പ്പിച്ചു കൊടുത്തു: ഇവന്‍ എന്റെ പേരുകാരന്‍. നാളത്തെ ഉസ്താദ് ഗുലാം അലി ഇവനായിരിക്കും.
ഉസ്താദ് എന്നും തിരക്കിലായിരുന്നു. പാട്യാല ഘരന വികസിപ്പിച്ചെടുത്ത അദ്ദേഹം തുമ്‌രിയുടെ ഉപാസകനായിരുന്നുവല്ലൊ. ഇന്ത്യാ വിഭജനത്തിനെതിരായിരുന്ന അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി: ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഓരോ കുടുംബത്തില്‍നിന്നും ഒരു കുഞ്ഞിനെയെങ്കിലും ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചിരുന്നെങ്കില്‍ ഈ രാജ്യം വിഭജിക്കപ്പെടുകയില്ലായിരുന്നു.
ഇന്ത്യയെയും ഇവിടുത്തെ ജനങ്ങളെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച അദ്ദേഹം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച്, ഇന്ത്യന്‍ മണ്ണില്‍തന്നെ അന്ത്യനിദ്ര പ്രാപിക്കുകയായിരുന്നുവല്ലൊ. ഇന്നും ഇന്ത്യയില്‍ നടക്കുന്ന സബ്‌രംഗ് ഉത്സവ്, ആ വലിയ ഗായകന്റെ ഓര്‍മ്മയ്ക്കായി വര്‍ഷം തോറുമുള്ള സംഗീത മേളയാണ്. ബഡേ ഗുലാം അലിഖാന്‍ യാദ്ഗര്‍ സഭയാണത് നടത്തുന്നത്. മുഗള്‍ അസമില്‍ പാടാന്‍ നൗഷാദ് ക്ഷണിച്ചപ്പോള്‍ ഒഴിഞ്ഞ് മാറാന്‍വേണ്ടി വലിയ തുക ചോദിച്ചു ഖാന്‍ സാഹിബ്. മുഹമ്മദ് റാഫിപോലും 500 രൂപ പ്രതിഫലം വാങ്ങിയിരുന്ന കാലത്ത് കാല്‍ ലക്ഷം രൂപ കൊടുക്കുവാന്‍ നൗഷാദിനു യാതൊരു മടിയുമില്ലായിരുന്നു. അതാണ് ബഡേ ഗുലാം അലിഖാന്‍.
എഴുപതുകളിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ചില സാംസ്‌കാരിക വിനിമയ പരിപാടികള്‍ നടത്തുന്നത് നമ്മുടെ ജഗജിത് സിംഗും ചിത്രാ സിംഗും തലത്ത് അസീസും രാജേന്ദ്ര മേത്തയും സീനാ മേത്തയുമൊക്കെ പാകിസ്താനില്‍ പോയി ഗസല്‍ പരിപാടി നടത്തിയ കാലം.
മെഹ്ദിയുടെഅവസാന മെഹ്ഫില്‍ കോഴിക്കോട്ട്


 

അതുപോലൊരു വിനിമയ പരിപാടിയുടെ ഭാഗമായിട്ടാണ് മെഹ്ദി ഹസ്സന്‍ ഇന്ത്യയിലെത്തുന്നത്. പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം മിര്‍സാ ഗാലിബിന്റെയും ബഹദൂര്‍ഷാ സഫറിന്റെയും ഇഖ്ബാലിന്റെയും മീര്‍ തഖീ മീറിന്റെയും മോമിന്‍ ഖാന്‍ മോമിന്റെയും ഹസ്രത്ത് മുഈനിയുടെയും ഗസലുകള്‍ ആലപിച്ചപ്പോള്‍ അത് ഒരു പുതിയ അനുഭവമായിരുന്നു. ഈ കവികളത്രയും പാകിസ്താന്റെത് മാത്രമോ, ഇന്ത്യയുടെത് മാത്രമോ ആയിരുന്നില്ല. പൊതുവായ ഒരു സാംസ്‌കാരികപാരമ്പര്യത്തിലെ കണ്ണികളായിരുന്നു അവര്‍. അതുപോലെതന്നെ മെഹ്ദി ഹസ്സനെയും ഗുലാം അലിയെയും ഈ ഉപഭൂഖണ്ഡത്തിന്റെ ഗായകരായിട്ടാണ് ഇരുരാജ്യങ്ങളിലെയും സംഗീത പ്രേമികള്‍ കാണുന്നത്.
വാസ്തവത്തില്‍ തലത്ത് മഹമൂദിനും, സൈഗാളിനും ബീഗം അക്തറിനും ശേഷം ഇന്ത്യയില്‍ ഒരു ഗസല്‍ തരംഗത്തിന്റെ ആദ്യ ചലനം സൃഷ്ടിച്ചത് ഈ പാകിസ്താനി ഗായകരാണ്. നാല്‍പതുകളിലും അമ്പതുകളിലും ഹിന്ദിചലചിത്ര സംഗീതം പകര്‍ന്ന മെലഡിയുടെ സൂര്യതേജസ്, റോക്ക്-പോപ്പ് പാശ്ചാത്യ സരണികളിലും ഫ്യൂഷന്‍ മ്യൂസിക്കിലും കെട്ടുപോകുമെന്നായപ്പോള്‍, വീണ്ടെടുത്തത് ഈ ഗസല്‍ തരംഗമാണ്. ഇന്നു നമുക്ക് പ്രാദേശിക ഭാഷകളില്‍പോലും ഗസല്‍ ഗായകരുണ്ട്. പങ്കജ് ഉദാസ്, അന്തപ് ജലോട്ട, ഹരിഹരന്‍, ഭൂപീന്ദര്‍ തുടങ്ങി എത്രയോ ഗായകര്‍!


 

മെഹ്ദി ഹസ്സന്റെ ഇന്ത്യയില്‍ നടന്ന ഒടുവിലത്തെ ഗസല്‍ സദീര് കേട്ടാസ്വദിക്കുവാനുള്ള ഭാഗ്യമുണ്ടായത് കോഴിക്കോട്ടുകാര്‍ക്കാണ്. കോട്ടയ്ക്കല്‍ ആയൂര്‍വേദ ചികിത്സയ്‌ക്കെത്തിയ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുവാനുള്ള സൗഭാഗ്യം എനിക്കുമുണ്ടായി. പതിനാറു തലമുറകളിലൂടെ തുടരുന്ന ഒരു സംഗീത പൈതൃകത്തിന്റെ അവകാശിയായിരുന്ന മെഹ്ദി സാഹിബിന്റെയും കുലീനവും വിനയാന്വിതവുമായ പെരുമാറ്റം മറക്കാനാവില്ല. അങ്ങ് പാകിസ്താനില്‍ തന്റെ ജീവിത സഖി മരിച്ചതറിഞ്ഞിട്ടും ആ ദുഃഖം ഉള്ളിലൊതുക്കിക്കൊണ്ട് കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍പോലും പാടി സംതൃപ്തരാക്കുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായ രോഗമുക്തി വന്നിരുന്നില്ല.


 

ഒരിക്കല്‍ ഒന്നായിരുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും അന്തരാത്മാവില്‍ വീണ്ടും ഒന്നിക്കാനുള്ള അദമ്യമായ ആഗ്രഹം പ്രകടമാക്കുന്ന ഒരു യുഗ്മഗാനമുണ്ട്. 'തേരെ മിലാനേ'.  അതിലൊരു ഭാഗം പാകിസ്താനിലിരുന്ന് മെഹ്ദി ഹസനും, മറ്റൊരു ഭാഗം ഇന്ത്യയിലിരുന്ന് ലതാമങ്കേഷ്‌ക്കറും പാടി റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. രണ്ടു ഗായകരുടെയും സ്വരങ്ങളില്‍ വാര്‍ധക്യത്തിന്റെ ചുളിവുകള്‍ വീണിട്ടുണ്ടായിരിക്കാം. എങ്കിലും ആ ആല്‍ബം വിഭജനത്തിന്റെ മുറിവുകള്‍ മായ്ച്ചുകളയാനുള്ള ഒരു സംഗീതലേപനമായിരുന്നു.
ലതാമങ്കേഷ്‌ക്കര്‍ക്ക് ഒരിക്കലും പാകിസ്താനില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ആഗ്രഹമുണ്ടെങ്കിലും. ഒരിക്കല്‍, സിയാഉല്‍ഹഖിന്റെ കാലത്ത് ഏതോ പരിപാടിക്ക് ക്ഷണിക്കപ്പെട്ടതാണ്. പതിനൊന്നാം മണിക്കൂറില്‍ ക്ഷണം പിന്‍വലിക്കപ്പെട്ടു. കാരണം എന്തെന്നറിയില്ല. ഇവിടെയെന്നതുപോലെ അവിടെയും കലയില്‍ വിദ്വേഷം കലര്‍ത്തുന്നവരുണ്ടായിരിക്കാം.
പിന്നീടൊരിക്കലും ലതാജി ക്ഷണിക്കപ്പെടുകയേ ഉണ്ടായില്ല. ഇന്നും ആ ഗായിക കാതോര്‍ത്തിരിക്കുന്നു, തന്നെ കേള്‍ക്കാനാഗ്രഹിക്കുന്ന പാകിസ്താനിലെ സംഗീതപ്രേമികളുടെ സ്‌നേഹം നിറഞ്ഞ ഒരു ക്ഷണത്തിനു വേണ്ടി. തനിക്ക് ചലചിത്ര സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ചൊല്ലിത്തന്ന ഉസ്താദ് ഗുലാം ഹൈദറും താന്‍ മാതൃകയായി കരുതിയ നൂര്‍ജഹാനും അന്ത്യനിദ്രകൊള്ളുന്ന മണ്ണില്‍ എന്നെങ്കിലും പോകാന്‍ ലതാമങ്കേഷ്‌ക്കര്‍ എന്ന വാനമ്പാടിക്ക് കഴിയുമോ?
വിഭജനത്തെ തുടര്‍ന്ന് പാകിസ്താനില്‍ ചേക്കേറിയ നൂര്‍ജഹാന്‍ ഒരു കാലത്ത് ഹിന്ദി ചലചിത്രരംഗം അടക്കിവാണ രാജ്ഞിയായിരുന്നു. അവരുടെ പാട്ടുകള്‍ കേട്ടു വളര്‍ന്നാണ് ലത അറിയപ്പെടുന്ന ഗായികയായത്. ഇവരെ രണ്ടുപേരെയും മെലഡിയുടെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുലാം ഹൈദര്‍ ഇന്ത്യന്‍ മെലഡിയുടെ പിതാവായിട്ടാണറിയപ്പെടുന്നത്.
സര്‍ഹദ്ദീന്‍ (അതിര്‍ത്തികള്‍) എന്ന പേരില്‍ പുറത്തിറക്കാനുദ്ദേശിച്ച ഒരു മ്യൂസിക്കല്‍ ആല്‍ബത്തിന്റെ കഥ ലത പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിന്റെ പ്രമേയമിതാണ്: ഒരു ചായക്കടയിലിരുന്നു രണ്ടു പേര്‍ കശ്മീരിനെചൊല്ലി തര്‍ക്കിക്കുന്നു. ഒരാള്‍ ഇന്ത്യക്കാരന്‍, അപരന്‍ പാകിസ്താനിയും. തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ആരോ ഗ്രാമഫോണ്‍ സംഗീതം വയ്ക്കുന്നു. അതോടെ തര്‍ക്കം നിലയ്ക്കുന്നു. ഈ ആല്‍ബത്തിന്റെ നാലില്‍ മൂന്നു ഗാനങ്ങളും പൂര്‍ത്തിയായതാണ്. പക്ഷേ, ഇന്നും അത് പുറത്തിറങ്ങിയിട്ടില്ല. എന്നെങ്കിലും പുറത്തുവരുമോ അറിഞ്ഞുകൂടാ.

നുസാഖത്ത്-സലാമത്ത്സഹോദരന്മാര്‍
പാകിസ്താനിലെ പ്രശസ്ത ഖയാല്‍ ഗായകരായ നുസാഖത്ത്-സലാമത്ത് സഹോദരന്മാര്‍ ഇന്ത്യയുടെ പ്രിയപ്പെട്ട ഗായകരായിരുന്നു. ഒരു പ്രത്യേകതരം ജുഗല്‍ ബന്ദിയായിരുന്നു അവരുടേത്. ഇരുവരും ചേര്‍ന്നുള്ള ആലാപനത്തില്‍ ആത്മീയമായ ഒരു സാത്ത്വീകരണം ഉണ്ടായിരുന്നു. നുസാഖത്ത് അലിയുടെ വിയോഗത്തിനു ശേഷം സലാമത്ത് അലിയുടെ നാദധാര ഒറ്റപ്പെട്ടുപോയി. എങ്കിലും പകരം മറ്റൊരു ഗായകനെ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അത് സംഗീതത്തിലെ അപൂര്‍വ്വമായ നൈതികതയാണ്.
ഇനിയുമുണ്ട് ഇന്ത്യന്‍ സംഗീതത്തെ ധന്യമാക്കിക്കൊണ്ടിരിക്കുന്ന പാകിസ്താനി സംഗീതജ്ഞര്‍. നുസറത്ത് ഫത്തേഹ് അലിഖാന്റെ മരുമകനായ രാഹത് ഫത്തേഹ് അലിഖാന്‍. അമാനത്തലിഖാന്റെ മകന്‍ ഷഫാഖത്ത് അമാനത്ത് അലിഖാന്‍. ഇവര്‍ ബോളിവുഡില്‍ സ്വന്തം ശബ്ദമുദ്ര പതിപ്പിച്ചവരാണ്. സലാമത്ത് അലിയുടെ മകന്‍ ഇന്ത്യയിലും അറിയപ്പെടുന്ന ഗസല്‍ ഗായകനാണ്. മറ്റൊരു പാകിസ്താന്‍ കലാകാരനായ ആരിഫ് ലോഹര്‍ പഞ്ചാബി നാടന്‍ സംഗീതത്തിന് ഇന്ത്യയില്‍ പ്രചാരം നല്‍കിയ ഗായകനാണ്.
ലംബീജുദായി
അടുത്തകാലത്ത് മരണമടഞ്ഞ രേഷ്മ എന്ന പാക് ഗായികയെ ഓര്‍മ്മിക്കാന്‍ ലംബീജുദായി എന്ന ഒരൊറ്റ പാട്ട് മതി. മെഹദി ഹസനെപോലെ രാജസ്ഥാനില്‍ ജനിച്ച ഈ നാടോടിഗായിക പിറന്നത് ഇന്ത്യയ്ക്കും പാകിസ്താനും സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം. കറാച്ചിയില്‍ കുടുംബത്തോടൊപ്പം ചേക്കേറുമ്പോള്‍ ഒരു മാസം പ്രായമുള്ള കൈക്കുഞ്ഞായിരുന്നവള്‍. പാക് റേഡിയോവിലൂടെ കടന്ന് വന്ന് ടിവിയിലും സിനിമയിലുമൊക്കെ സ്വരമുദ്രപതിപ്പിച്ച കലാകാരി. രണ്ടു രാജ്യങ്ങളിലെയും എത്രയോ ചിത്രങ്ങളില്‍ രേഷ്മ പാടി. പാകിസ്താനില്‍ പ്രശസ്തമായ രേഷ്മയുടെ 'ആന്‍ഖിയോന്‍ കൊ രഹ്‌നേ ദേ' എന്ന ഗാനം ലതാമങ്കേഷ്‌ക്കറെ കൊണ്ട് പാടിച്ച് 'ബോബി'യില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യകണ്ട ഏറ്റവും വലിയ ഷോ മാനായ രാജ്കപ്പൂറിന് ഒരു ഉളുപ്പുമുണ്ടായില്ല. സാംസ്‌കാരിക വിനിമയ പരിപാടിയിലൂടെയാണ് രേഷ്മയും ഇന്ത്യയിലെത്തിയത്. ലാഹോറില്‍നിന്ന് അമൃത്‌സറിലേക്കുള്ള ബസ് യാത്രയാരംഭിച്ചപ്പോള്‍ അതിലെ ഇരിപ്പിടങ്ങളില്‍ ചെറുതല്ലാത്ത ഒരു ഭാഗം കയ്യടക്കിയത് രേഷ്മയും കുടുംബാംഗങ്ങളുമായിരുന്നു.
സുഭാഷ് ഗൈയുടെ 'ഹീറോ'യി ല്‍ പാടിയതോടെ ഇന്ത്യയിലുടനീളം രേഷ്മയുടെ നാദം അലയടിച്ചു: ലംബീ ജുദായി...
ഒടുവില്‍ ആ നാദധാരയൊഴുകിയ ജീവനാളത്തെ കാന്‍സര്‍ കവര്‍ന്നെടുത്തപ്പോള്‍, ജനറല്‍ മുഷറഫിന്റെ കാലത്ത് എല്ലാ ചികിത്സയുമേറ്റെടുക്കാന്‍ പാക് ഗവണ്മെന്റ് തയ്യാറായി. എന്നാല്‍ ഒരു ചികിത്സയ്ക്കും ആ കലാകാരിയെ രക്ഷിക്കാനായില്ല.

 

ഒടുവില്‍ അദ്‌നാന് ഇന്ത്യന്‍ പൗരത്വം


 

പാകിസ്താന്‍ രേഷ്മയെ രാഷ്ട്രപതിയുടെ ബഹുമതിക്ക് തെരെഞ്ഞെടുത്തപ്പോള്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കേണ്ടിവന്നു. ദേശീയരേഖകളെ അവഹേളിച്ചു എന്നതാണ് ലോകമെമ്പാടും അറിയപ്പെടുന്ന ഈ കലാകാരനില്‍ പാകിസ്താന്‍ ആരോപിച്ച കുറ്റം. പിതാവ് പാകിസ്താനിയും മാതാവ് ജമ്മു-കശ്മീര്‍കാരിയുമായ അദ്‌നാന്‍ സമിയുടെ പ്രാപിതാമഹാന്‍ ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ ഗവര്‍ണര്‍മാരിലൊരാളായിരുന്നു. ഉപ്പാപ്പയാകട്ടെ അഫ്ഗാനിസ്ഥാനിലെ സഖാ കലാപത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇത്രയും വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലമുണ്ടായിട്ടും ഒരു ഇന്ത്യന്‍ പൗരനാകാനാണു അദ്‌നാന്‍ സമി ആഗ്രഹിച്ചത്: ''കാരണം, ലോകമെമ്പാടുമുള്ള ജനങ്ങള്‍ എന്നെ അറിയുന്നത് ഇന്ത്യന്‍ കലാകാരനായിട്ടാണ്. ഇവിടെ എനിക്ക് ഊഷ്മളമായ സ്‌നേഹം ലഭിക്കുന്നു. എന്റെ ഹൃദയ ഭൂപടത്തില്‍ എന്നും ഇന്ത്യയാണുള്ളത്. ഇതുകൊണ്ടാണ് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നത്.''
ലണ്ടനില്‍ നിന്നു 2001 ല്‍ സന്ദര്‍ശന വിസയില്‍ മുംബൈയിലെത്തിയ അദ്‌നാന്‍ സമി ഒന്നരപതിറ്റാണ്ടു കാലമായി ഇന്ത്യന്‍ പൗരത്വത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. 2016 പുതുവത്സരപുലരിയില്‍ നവവത്സര സമ്മാനമായി സമിക്ക് ലഭിച്ചത് കാത്തിരുന്ന ആ പാരിതോഷികം തന്നെ. പക്ഷേ, പാകിസ്താനില്‍ ഈ കലാകാരന്റെ കോലം കത്തിച്ചാണ് ഇന്ത്യയോടുള്ള അമര്‍ഷം രേഖപ്പെടുത്തിയത്.
നാല്‍പത്തിരണ്ടു വയസ്സു മാത്രമുള്ള അദ്‌നാന്‍സമി വെറുമൊരു പാട്ടുകാരന്‍ മാത്രമല്ല ഗാനരചയിതാവും, സംഗീത സംവിധായകനും, നടനും, ടെലിവിഷന്‍ അവതാരകനുമെല്ലാമാണ്. സിത്താറും, സന്തൂറും, സരോദും ഹാര്‍മോണിയവും, ഗിറ്റാറും, തബലയും ഉള്‍പ്പെടെ മുപ്പത്തഞ്ചിലേറെ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനറിയാവുന്ന പ്രതിഭ. കാറ്റിന്റെ വേഗത്തില്‍ പിയാനോ വായിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗീതജ്ഞന്‍ എന്നാണ് കീ ബോര്‍ഡ് മാഗസിന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തോടൊപ്പംതന്നെ പാശ്ചാത്യ ജാസ്, റോക്ക്, പോപ്പ് സംഗീതത്തിലെല്ലാം പരിചയസമ്പന്നന്‍. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് സിഡികളാണ് ലോകമെമ്പാടും വിറ്റുപോകുന്നത്. ഒത്തിരി ബോളിവുഡ് ചിത്രങ്ങള്‍ക്കും തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കും വേണ്ടി പാടിയിട്ടുണ്ട്. മലയാളമുള്‍പ്പെടെ 'ചാഞ്ചാടിയാടി ഉറങ്ങു നീ' (മകള്‍ക്ക്) എന്ന പാട്ട് നമ്മുടെ കാതുകളില്‍ ഇന്നുമുണ്ട്. 'കഭി തോ നസര്‍ മിലാവൊ' ആണ് സമിക്ക് ദേശീയ പ്രശസ്തി നേടിക്കൊടുത്ത ഹിന്ദി ചലചിത്ര ഗാനം.
സമിയുടെ താല്‍പര്യം കൊണ്ടാണ് 'സര്‍ഗ്ഗം' എന്ന പാകിസ്താനി ചിത്രത്തില്‍ ആശാഭോസ്‌ലെ പാടിയത്. പരിചയപ്പെട്ട കാലംതൊട്ടെ അദ്‌നാന്റെ ഒരു അഭ്യുദയകാംക്ഷിയായിരുന്നല്ലൊ ആശ. പക്ഷേ, ഇന്ത്യക്കാരിയായ ആ ഗായികയുടെ ശബ്ദം സൗണ്ടുറാക്കില്‍നിന്നും നീക്കം ചെയ്യുകയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ആശയെ ഉള്‍ക്കൊള്ളിച്ച് ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും ആല്‍ബങ്ങളും പുറത്തിറക്കിക്കൊണ്ടാണ് ആ മര്യാദകേടിനോട് അദ്‌നാന്‍ പ്രതികരിച്ചത്.
ഇത്തരം മത്സരങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അടുത്തകാലത്ത് പുറത്തിറങ്ങിയ 'ബജ്‌രംഗി ഭായ്ജാന്‍' എന്ന സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ അദ്‌നാന്‍ സമി പാടിയ ഭര്‍ദോ ജോളി എന്ന ഖവാലിയുടെ പകര്‍പ്പവകാശത്തെചൊല്ലി പാകിസ്താനിലെ അംജാദ് സാബ്‌രി ഖവ്വാല്‍ കേസെടുത്തിരിക്കുകയാണ്. ഏഴ് തലമുറകളായി സാബ്്‌രി സഹോദരന്മാരുടെ കുടുംബം കൈവശം വയ്ക്കുന്ന സ്വത്താണതെന്ന് അവര്‍ അവകാശപ്പെടുന്നു.
കലുഷിതമായ ഈ കാലാവസ്ഥയിലാണ് ഗുലാം അലി പാടാനായി കേരളത്തിലെത്തുന്നത്. പണ്ടത്തെപോലെയല്ല ഇപ്പോള്‍ ഇവിടെയും ശിവസേനക്കാര്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ മക്കള്‍ വാദം പറഞ്ഞ് പതിനായിരക്കണക്കിന് മലയാളികളെ മുംബൈയില്‍നിന്നാട്ടിയോടിച്ചവര്‍ അലമ്പുണ്ടാക്കാന്‍ കാത്തിരിക്കുകയാവും. അതുകൊണ്ട്തന്നെ അനുഗൃഹീതനായ ആ ഗായകന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംഘാടകരും ഗവണ്മെന്റും ജനങ്ങളുമെല്ലാം ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അസഹിഷ്ണുതയ്ക്ക് ദംഷ്ട്രങ്ങള്‍ മുളയ്ക്കുന്ന ഇക്കാലത്ത്.

 

നിങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോയിക്കൂടേ?
ഷാരൂഖ് ഖാനെയും അമീര്‍ഖാനെയുംപോലുള്ള ഇന്ത്യന്‍ ജനത മുഴുവന്‍ സ്‌നേഹിക്കുന്ന കലാകാരന്മാരോട് അവര്‍ ചോദിക്കുന്നു പാകിസ്താനിലേക്ക് പോയിക്കൂടേ?
അപ്പോള്‍ ഒരു രാഗം ഓര്‍മ്മവരുന്നു. എംഎസ് സത്യുവിന്റെ 'ഗരം ഹവ' (ചുടുകാറ്റ്) എന്ന ചിത്രത്തിലെ അവസാന രംഗം. ഇന്ത്യയിലുണ്ടായിട്ടുള്ള രാഷ്ട്രീയ ചിത്രങ്ങളില്‍ ഏറ്റവും ശക്തമാണ് ഇസ്മത് ചുഗ്ത്തായിയുടെ ഏതാനും ചെറുകഥകളെ ആസ്പദമാക്കി രചിക്കപ്പെട്ട ഗരം ഹവ.
വിഭജന ലഹളയില്‍ ചെരിപ്പുകട കത്തിച്ചാമ്പലായ സയ്യിദ് മിര്‍സ എന്ന ചെറുകിട കച്ചവടക്കാരനാണ് കേന്ദ്രകഥാപാത്രം (ബല്‍രാജ് സാഹിനിയാണ് മിര്‍സയെ അവതരിപ്പിക്കുന്നത്). ചെരിപ്പുകട പുനര്‍ നിര്‍മ്മിക്കാന്‍ സഹായം തേടി ബാങ്കിലെത്തിയ അയാളോട് അവര്‍ ചോദിക്കുന്നു: പാകിസ്താനില്‍ പോയിക്കൂടേ? തൊഴില്‍ തേടി ചെല്ലുന്ന അഭ്യസ്ത വിദ്യനായ അയാളുടെ മകന്നും ഈ ചോദ്യം നേരിടേണ്ടിവന്നു: പാകിസ്താനില്‍ പോയിക്കൂടേ?
ഒടുവില്‍ ഇത്തരം ചോദ്യങ്ങള്‍ കേട്ട് മനസ്സു മടുത്ത അച്ഛനും മകനും പാകിസ്താനിലേക്കുള്ള ട്രെയിന്‍ പിടിക്കാന്‍ ഒരു ജഡ്ക്കയില്‍ പുറപ്പെടുകയാണ്. അപ്പോള്‍ എതിരെ ഒരു ജാഥ: തെഴില്‍ വേണം, ഭക്ഷണം വേണം, പാര്‍പ്പിടം വേണം. പിതാവ് മകന്റെ മുഖത്തേക്ക് നോക്കി, മകന്‍ അച്ഛനെയും. കണ്ണുകള്‍ എന്തോ പറഞ്ഞു. അവര്‍ ഇറങ്ങി ജാഥയുടെ വരിയില്‍ ചേര്‍ന്നു.
ഇന്നിപ്പോള്‍ ഇന്ത്യയിലെ അത്യന്നതരായ കലാകാരന്മാര്‍പോലും ആ ചോദ്യം അഭിമുഖീകരിക്കുന്നു. പാകിസ്താനില്‍ പോയിക്കൂടേ?
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരേ സാംസ്‌കാരിക പൈതൃകമുള്ള രാജ്യങ്ങളാണ്. ഭൂമിയും അധികാരവുമൊക്കെ പങ്കിടാനായേക്കാം. അവയ്‌ക്കെല്ലാമപ്പുറമാണ് സംസ്‌ക്കാരം. അല്ലാമാ മുഹമ്മദ് ഇഖ്ബാലും സാദത്ത് ഹസ്സന്‍ മന്‍തോയും ഖാസി നസറുല്‍ ഇസ്്‌ലാമും ബഡേ ഗുലാം അലിഖാനും മെഹ്ദി ഹസ്സനും ഗുലാം അലിയുമെല്ലാം ഈ പൊതു പൈതൃകത്തിന്നവകാശപ്പെട്ടവരാണ്. അത് പങ്കുവയ്ക്കാനാവില്ല. മനസ്സും ഹൃദയവും എങ്ങനെ പങ്കുവയ്ക്കും?
Tags:    

Similar News