തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ അഞ്ചാം മല്‍സരത്തിനുള്ള ടീം തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഇരുടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
താരങ്ങളെ സ്വീകരിക്കാന്‍ കെസിഎ ഭാരവാഹികളും ക്രിക്കറ്റ് പ്രേമികളും എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതു മുതല്‍ 12 വരെ ഇരു ടീമുകളും സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. നാളെ വൈകീട്ട് ഒന്നരയ്ക്കാണ് മല്‍സരം. മുംബൈയില്‍ കരീബിയന്‍ കരിമ്പനകളെ കടപുഴക്കിയ അതേ ഇന്ത്യന്‍ കൊടുങ്കാറ്റ് തന്നെയാവും കേരളപ്പിറവി ദിനത്തില്‍ ഗ്രീന്‍ഫീല്‍ഡിലും പ്രതീക്ഷിക്കുന്നത്. രോഹിതും കോഹ്്‌ലിയും അടങ്ങുന്ന വെറ്ററന്‍ ലൈനിനൊപ്പം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ന്യുജന്‍സും കൂടി അണിനിരക്കുമ്പോള്‍ നാളെത്തെ മല്‍സരം അവിസ്മരണീയമാവും. വിന്‍ഡീസിനെ സംബന്ധിച്ചെടുത്തോളം ഇത് അഭിമാനപ്പോരാട്ടമാണ്്. ജയിക്കാനായാല്‍ പരമ്പര സമനിലയില്‍പിടിക്കാം.
നാലാം ഏകദിനത്തിലെ പരാജയമൊഴിച്ചാല്‍ മികച്ച പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസ് പുറത്തെടുത്തത്. ടെസ്റ്റ് പരാജയത്തിനുശേഷം ഒരു കളി സമനിലയിലും മൂന്നാം ഏകദിനം വിജയിക്കാനുമായ ആത്മവിശ്വാസവും വിന്‍ഡീസ് നിരയ്ക്കുണ്ട്. അതേസമയം നാലാം ഏകദിനത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടത് വിന്‍ഡീസ് നിരയെ അലട്ടുന്നു. നാളെ 11 മണിമുതലാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. മൂന്നു കോടി 12 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞു. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ സംസ്ഥാനത്തെ 2700 അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്സൈറ്റിലും ലഭ്യമാണ്.