ധക്ക: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ മലയാളി താരം ആഷിക് കുരുണിയന്റെ തുടക്ക ഗോളിലൂടെ ശ്രീലങ്കയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ. രണ്ടാം പകുതിയില്‍ ലാലിയന്‍സുവാല ചാങ്‌തേയും ഇന്ത്യക്കായി ലങ്കന്‍ വല തുളച്ചു. അണ്ടര്‍ 23 ടീമിനെ ഇറക്കിയാണ് കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ ഇത്തവണ ഇന്ത്യയെ നയിച്ചത്. ജയത്തോടെ ഇന്ത്യ സെമിസാധ്യത ഏകദേശം ഉറപ്പിച്ചു. മാലദ്വീപിനെതിരേ ഒമ്പതിനാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം.മലയാളി താരം ആഷിഖിനെ ആദ്യ ഇലവനില്‍ തന്നെ കളത്തിലിറക്കിയാണ് ടീം ഇന്ത്യ യുവതാരങ്ങളെ പരീക്ഷിച്ചത്. ഓറഞ്ച് ജഴ്‌സിയിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇരുടീമും 4-4-2 എന്ന ശൈലിയില്‍ കളി മെനഞ്ഞപ്പോള്‍ ഇന്ത്യന്‍ മുന്നേറ്റം സുമിത് പാസ്സിയിലും ഫാറുഖ് ചൗധരിയിലും ഭദ്രം. എങ്കിലും മധ്യനിരയിലുണ്ടായിരുന്ന ആഷിക് നിരന്തരം ലങ്കന്‍ ഗോള്‍പോസ്റ്റിലെത്തുന്ന കാഴ്ചയാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ച ക്യാപ്റ്റന്‍ സുഭാശിഷും മോശമാക്കിയില്ല. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങളിലൂടെ സുഭാശിഷ് കളം നിറഞ്ഞു. 17 ഷോട്ടുകളാണ് മല്‍സരത്തിലുടനീളം ഇന്ത്യന്‍ താരങ്ങള്‍ തൊടുത്തത്.കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മല്‍സരത്തിലെ ആദ്യ അറ്റാക്കിങ് നടത്തിയ ഇന്ത്യ മുന്നിലെത്തിയെന്നു തോന്നിച്ചതാണ്. ക്യാപ്റ്റന്‍ സുഭാശിഷ് ബോസിന്റെ ക്രോസില്‍ ആഷിഖിന് അവസരം ലഭിച്ചെങ്കിലും ലങ്കന്‍ പ്രതിരോധം അപകടം ഒഴിവാക്കി. കളി മുന്നേറും തോറും ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി വന്നു. എന്നാല്‍ ആറാം മിനിറ്റില്‍ ഇന്ത്യയ്ക്ക് ലഭിച്ച കോര്‍ണര്‍ ലങ്കയുടെ കൗണ്ടര്‍ അറ്റാക്കില്‍ കലാശിച്ചെങ്കിലും മിഡ്ഫീല്‍ഡര്‍ മുഹമ്മദ് സാജിദിന്റെ അവസരോചിതമായ ക്ലിയറന്‍സ് ലങ്കന്‍ ഗോള്‍ ശ്രമത്തിന് വിള്ളല്‍ വീഴ്ത്തി. പതിമൂന്നാം മിനിറ്റില്‍ സുഭാശിഷിന്റെ തന്നെ മറ്റൊരു സുന്ദരന്‍ ക്രോസ് ലങ്കന്‍ പോസ്റ്റില്‍ പറന്നിറങ്ങിയെങ്കിലും ലാലിയന്‍സുവാല ചാങ്‌തേയ്ക്ക് അവസരം മുതലാക്കാനായില്ല. 30 മിനിറ്റിനുശേഷം കടുത്ത ചൂടുമൂലം ഒരു ഇടവേള നല്കുന്നതിനും ബംഗബന്ധു സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ആഷിഖിന്റെ ഗോള്‍. സുമീത് പാസിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. രണ്ടാംപകുതി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. വലതു വശത്ത് നിന്നുള്ള ക്രോസ് സ്വന്തമാക്കിയ ചാങ്‌തെ ഒരു മുഴുനീളന്‍ ഷോട്ടിലൂടെ ടീമിന്റെ രണ്ടാം ഗോളും നേടി.