കൊച്ചി: രാജ്യത്തെ ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരളത്തില്‍ 14 എണ്ണം ഉള്‍പ്പെടെ 650 ശാഖകളുമായി ആരംഭിക്കുന്ന 'പോസ്റ്റ് ബാങ്ക്' ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫിസുകളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.
അതോടെ ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്ക്കു കൈവരും. നിലവില്‍ 1,40,000 ബാങ്ക് ശാഖകളാണുള്ളത്. ഇത് 2,95,000 ആകും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകുമെന്നതാണു മറ്റൊരു നേട്ടം.
ഏതൊരു ബാങ്കിനെയും പോലെ അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ സജ്ജമായാണു പോസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. കൗണ്ടര്‍ സേവനങ്ങള്‍ക്കു പുറമെ ഡിജിറ്റല്‍ സേവനങ്ങളും മൊബൈല്‍ ആപ് തുടങ്ങിയവയും ലഭ്യമാവം. അക്കൗണ്ട് ഉടമകള്‍ക്കു ലഭ്യമാക്കുന്ന 'ക്യൂആര്‍ കാര്‍ഡ്' (ക്വിക് റെസ്‌പോണ്‍സ് കാര്‍ഡ്) പോസ്റ്റ് ബാങ്കിന്റെ സവിശേഷതയാണ്. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഒന്നും ഓര്‍ത്തുവയ്ക്കാതെതന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താന്‍ സഹായിക്കുന്ന സംവിധാനമാണു ക്യൂആര്‍ കാര്‍ഡ്. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.
സേവനങ്ങള്‍ ഇടപാടുകാരുടെ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്നുവെന്നതും സവിശേഷതയാണ്. മൂന്നു ലക്ഷത്തോളം വരുന്ന തപാല്‍ ജീവനക്കാരെയാണ് ഇതിനു നിയോഗിക്കുന്നത്. ഫീസ് ഈടാക്കിയാണു വാതില്‍പ്പടി സേവനം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഐപിപിബിക്കു തുടക്കത്തില്‍ത്തന്നെ സാന്നിധ്യമുണ്ടാകും. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നിവിടങ്ങളിലാണ് ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന 14 ശാഖകള്‍.
ഈ ശാഖകള്‍ക്കു പുറമെ തപാല്‍ വകുപ്പിന്റെ സംസ്ഥാനത്തെ 74 ഓഫിസുകള്‍ ബാങ്കിന്റെ 'അക്‌സസ് പോയിന്റു'കളായി പ്രവര്‍ത്തിക്കും. എറണാകുളം ജില്ലയില്‍ ഒന്‍പതും മറ്റു ജില്ലകളില്‍ അഞ്ചു വീതവുമാണ് അക്‌സസ് പോയിന്റുകള്‍.
കുടില്‍ വ്യവസായങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, നഗര കുടിയേറ്റക്കാര്‍, ഗ്രാമീണര്‍, വിദ്യാഭ്യാസ ആവശ്യത്തിനായി നഗരങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഐപിപിബി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി സുരേഷ് സേഥി പറഞ്ഞു. അസംഘടിത ചില്ലറ വില്‍പ്പന മേഖലയില്‍ പണത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്നതും ലക്ഷ്യമാണ്.