റഫേല്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ 26ന് പ്രവര്‍ത്തനം ആരംഭിക്കും

Update: 2021-07-13 19:35 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ചൈന അതിര്‍ത്തിയില്‍ വ്യോമസേനയ്ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന് റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലൈ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലുള്ള റഫേല്‍ വിമാനങ്ങള്‍ അടുത്തദിവസം ഹാഷിമാര വ്യോമതാവളത്തിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും കിഴക്കന്‍ അതിര്‍ത്തിയിലുള്ള ചൈന ആസ്ഥാനമായുള്ള ഹാഷിമാരയിലും സ്‌ക്വാഡ്രണ്‍ 17 വടക്കന്‍മേഖലയിലുള്ള ലഡാക്ക് ഉള്‍പ്പെടുന്ന ചൈനീസ് വടക്കന്‍ അതിര്‍ത്തിയിലും പാകിസ്താന്‍ അതിര്‍ത്തിയിലുമാണ് വിന്യസിക്കുക.

2016ല്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് 36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 25 എണ്ണം ഇതുവരെ കൈമാറി. കൂടുതല്‍ വിമാനങ്ങള്‍ അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനങ്ങളില്‍ ചിലത് ഇപ്പോള്‍തന്നെ ചൈനയുടെ കിഴക്കന്‍ ഗ്രൗണ്ടില്‍ വ്യോമ പട്രോളിങ്ങിനായി വിന്യസിച്ചിരിക്കുകയാണ്.

114 ഫൈറ്റര്‍ വിമാനങ്ങള്‍കൂടി വാങ്ങാനാണ് നിലവില്‍ ഇന്ത്യയുടെ പദ്ധതി. ഇതിനുള്ള ഓര്‍ഡറുകള്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. കഴിഞ്ഞ നവംബറിലാണ് റഫേല്‍ വിമാനങ്ങളുടെ രണ്ടാം സെറ്റ് ഇന്ത്യയിലെത്തിച്ചത്. ഇരട്ട എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന റഫേല്‍ വിമാനങ്ങള്‍ കരമാര്‍ഗവും സമുദ്രാതിര്‍ത്തിവഴിയുള്ള ആക്രമണങ്ങളെയും ഉള്‍പ്പെടെ നേരിടാനും രഹസ്യാന്വേഷണം, ന്യൂക്ലിയര്‍ സ്‌ട്രൈക്ക് പ്രതിരോധം എന്നിവയ്ക്കും കഴിവുള്ളവയാണ്.

Tags:    

Similar News