സതാംപ്ടണ്‍: സതാംപ്്ടണില്‍ നടന്ന ടെസ്റ്റില്‍ 60 റണ്‍സിന് മൂന്നാംവിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ നാലാം ടെസ്റ്റ് ആതിഥേയര്‍ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയും വിജയിച്ചു.
സതാംപ്ടണില്‍ 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 184 റണ്‍സിന് ഓള്‍ഔട്ടായി. 58 റണ്‍സെടുത്ത വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ 51 റണ്‍സെടുത്തു.
ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായതോടെ വിജയ പ്രതീക്ഷ നഷ്ടമായി. ശിഖര്‍ ധവാന്‍ (17), കെ.എല്‍. രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (5) എന്നിവര്‍ പുറത്താവുമ്പോള്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് കോലിയും രഹാനെയും റണ്‍സ് ഉയര്‍ത്തി. സൂക്ഷ്മതയോടെ ബാറ്റേന്തിയ ഇരുവരും അഞ്ചാം വിക്കറ്റില്‍ 101 റണ്‍സാണ് നേടിയത്.
നാല് ഫോര്‍ ഉള്‍പ്പെടെയാണ് 58 റണ്‍സെടുത്ത കോലിയെ ഔട്ടാക്കിയത് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ എത്തിയ പാണ്ഡ്യ (0) ക്കും പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. സ്‌റ്റോക്‌സിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. ഋഷഭ് പന്ത് (18) ആക്രമിച്ച് കളിച്ചെങ്കിലും മൊയീന്‍ അലിക്ക് വിക്കറ്റ് നല്‍കി മടങ്ങി. രഹാനെ അലിയുടെ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇംഗ്ലണ്ടിന് പിന്നീട് കാര്യങ്ങള്‍ എളുപ്പമായി. ഇഷാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (8) ചടങ്ങ് തീര്‍ത്ത് മടങ്ങിയതോടെ പരമ്പര ഇംഗ്ലണ്ടിന്.