ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ വെന്നിക്കൊടി നാട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ 35.1 ഓവറില്‍ 98 റണ്‍സിനു ഓള്‍ഔട്ടാക്കി.തുടര്‍ന്ന് ചെറിയ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 19.5 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. സ്മൃതി മന്ദാന നേടിയ 73 റണ്‍സാണ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്. നേരത്തേ വനിതാ ബൗളര്‍മാരാണ് ലങ്കന്‍ നിരയെ നൂറ് കടത്താതെ തടഞ്ഞുനിര്‍ത്തിയത്.
ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ലങ്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് കണ്ടത്. ഒരറ്റത്ത് ചമാരി അട്ടപ്പട്ടു 33 റണ്‍സെടുത്ത് പൊരുതിയതൊഴിച്ചാല്‍ ലങ്കന്‍ ബാറ്റിങ് ദയനീയമായിരുന്നു. ലങ്കന്‍ നിരയില്‍ ഏഴ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ചമാരി അട്ടപട്ടു(33) ടോപ്‌സ്‌കോററായി. ശ്രീപാലി വീരകോഡി 26 റണ്‍സ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി മാന്‍സി ജോഷി മൂന്നു വിക്കറ്റും ജൂലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി തിളങ്ങിയപ്പോള്‍ ദീപ്തി ശര്‍മ, രാജേശ്വരി ഗായക്വാഡ്, ദയലന്‍ ഹേമലത എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
മറുപടി ബാറ്റിങില്‍ പൂനം റൗത്തിന്റെ (24) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി 76 പന്തില്‍ നിന്നാണ് 73 റണ്‍സെടുത്തത്.രണ്ടു സിക്‌സറുകളും 11 ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.