ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പി.എസ്.എല്‍.വി-സി. 30 റോക്കറ്റിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്നലെ രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.
ആസ്ര്‌ട്രോസാറ്റിനൊപ്പം മറ്റ് ആറ് ഉപഗ്രഹങ്ങള്‍ കൂടി പി.എസ്.എല്‍.വി-സി.30 ഭ്രമണപഥത്തിലെത്തിച്ചു. ഇന്തോനീസ്യയുടെ ലാപാന്‍-എ.2, കാനഡയുടെ എന്‍.എല്‍.എസ്-14 (ഇ.വി.9) എന്നിവയും യു.എസിന്റെ നാലു ചെറു ഉപഗ്രഹങ്ങളുമാണ് ആസ്‌ട്രോസാറ്റിനൊപ്പം പി.എസ്.എല്‍.വി.സി-30 ഭ്രമണപഥത്തിലെത്തിച്ചത്. 118 കിലോഗ്രാമാണ് ആറ് ഉപഗ്രഹങ്ങളുടെയും ആകെ ഭാരം. ആദ്യമായാണ് യു.എസിന്റെ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണപഥത്തിലെത്തിക്കുന്നത്.
നിലവില്‍ യു.എസ്, ജപ്പാന്‍, റഷ്യ, യൂറോപ്യന്‍ സ്‌പേസ് എന്നിവയാണ് ബഹിരാകാശ ഗവേഷണ ഉപഗ്രഹ ദൗത്യങ്ങള്‍ വിജയിപ്പിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ ആസ്‌ട്രോസാറ്റിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐ.എസ്.ആര്‍.ഒക്കു കഴിഞ്ഞു. ഭൗമോപരിതലത്തില്‍ നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് 25 മിനിറ്റു കൊണ്ട് ഉപഗ്രഹത്തെ എത്തിച്ചു. അഞ്ചു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി. വിദൂര ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിനും നക്ഷത്രവ്യൂഹങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കും ആസ്‌ട്രോസാറ്റ് സഹായകമാവും.
ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ഉപഗ്രഹകേന്ദ്രത്തില്‍ 10 വര്‍ഷമെടുത്ത് 178 കോടി രൂപ ചെലവഴിച്ചാണ് ഉപഗ്രഹം നിര്‍മിച്ചത്. 1513 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ ദൃശ്യപ്രകാശത്തിനു പുറമെ എക്‌സ്‌റേകളും അള്‍ട്രാവയലറ്റ് രശ്മികളും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിരീക്ഷണ ദൂരദര്‍ശിനി സജ്ജമാക്കിയിട്ടുണ്ട്. നാസയുടെ ഹബ്ള്‍ ടെലസ്‌കോപ്പിനു സമാനമാണ് ഈ ദൂരദര്‍ശിനി.
എക്‌സ്‌റേ പ്രപോഷറല്‍ കൗണ്ടര്‍ (എല്‍.എ.എക്‌സ്.പി.സി.), സോഫ്റ്റ് എക്‌സ്‌റേ ടെലസ്‌കോപ് (എസ്.എക്‌സ്.ടി.), കാഡ്മിയം സിങ്ക് ടെല്ലുറൈസ് ഇമേജര്‍ (സി.ഇസഡ്.ടി.ഐ.), ചാര്‍ജ് പാര്‍ട്ടിക്കിള്‍ മോണിറ്റര്‍ (സി.പി.എം.) എന്നിവയാണ് ആസ്‌ട്രോസാറ്റിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍. അടുത്ത തിങ്കളാഴ്ച മുതല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നേട്ടത്തിന് ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചു. ഇന്ത്യയിലെ ശാസ്ത്രരംഗത്തിനും ശാസ്ത്രജ്ഞര്‍ക്കും മഹത്തായ നേട്ടം കൂടിയാണിതെന്ന് മോദി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒക്ക് അഭിനന്ദനം അറിയിക്കുന്നതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.