ശബരിമല; മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് അഫിഡവിറ്റ് മാറ്റിക്കൊടുക്കുമോ എന്ന് ചെന്നിത്തല

Update: 2021-03-20 12:24 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് അഫിഡവിറ്റ് മാറ്റിക്കൊടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അഫിഡവിഡ് പിന്‍വലിച്ച് പുതിയ അഫിഡവിറ്റ് പിണറായി സര്‍ക്കാര്‍ നല്‍കിയപ്പോഴാണ് അനൂകൂല വിധി വന്നത്. വിധി വന്നപ്പോള്‍ നടപ്പാക്കാന്‍ എന്ത് ധൃതിയായിരുന്നു സര്‍ക്കാരിന്. ഇപ്പോള്‍ പാര്‍ട്ടിയുടെ നിലപാട് മാറിയോ എന്നും ചെന്നിത്തല ചോദിച്ചു. മാപ്പു പറയേണ്ടത് കടകംപള്ളിയല്ല, മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എസ്എസ് ലാലിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സര്‍വ്വെ യുഡിഎഫിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ നടത്തുന്ന സര്‍വ്വെകള്‍ പരാജയപ്പെടുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്. അടുത്ത കേരളം ഭരിക്കുന്നത് യുഡിഎഫ് ആയിരിക്കും. സര്‍വ്വെകള്‍ ആരും വിശ്വസിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ സര്‍വ്വെ യുഡിഎഫിന് അനുകൂലമാണ്. നിയോജക മണ്ഡലത്തിലെ നിലവിലെ എംഎല്‍എ ദേവസ്വം മന്ത്രി ജനങ്ങളോട് മാപ്പ് ചോദിച്ചു. ഗുരുതര കുറ്റമാണ് മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയും കാണിച്ചത്. യുഡിഎഫ് വിശ്വാസികളോടൊപ്പമാണ് എപ്പോഴും. സുപ്രീം കോടതി വിധി വന്നപ്പോള്‍ നവോഥാന നായകന്റെ വേഷം കെട്ടി പിണറായി ആടുകയായിരുന്നു. പാര്‍ട്ടിക്കൊരു നയം, സര്‍ക്കാരിന് ഒരു നയമെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്. അത് എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. വിശ്വാസി സമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഇടതുപക്ഷം നടത്തുന്നത്. യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ ശബരിമലയ്ക്ക് പ്രത്യേക നിയമഭേദഗതി കൊണ്ടു വരുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News