ചരിത്രം, അതിജീവനം...കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം
കൊല്‍ക്കത്ത: മുന്‍ മല്‍സസരഫലങ്ങളും വമ്പന്‍ താരസാന്നിദ്ധ്യവും മഞ്ഞപ്പട ആരാധകരുടെ ആര്‍പ്പുവിളികളുടെ അഭാവവും മുതലെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കാന്‍ എത്തിയ കൊല്‍ക്കത്തയെ കൊമ്പന്‍മാര്‍ മുട്ടുകുത്തിച്ചു. ഐഎസ്എല്‍ അഞ്ചാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മല്‍സരത്തിനുടനീളം മുന്‍തൂക്കം നേടിയാണ് കോച്ച് ഡേവിഡ് ജയിംസിന്റെ കുട്ടികള്‍ മുന്‍ കോച്ചായ കോപ്പലാശാനെയും സംഘത്തെയും നിരാശയുടെ ആദ്യപാഠം പഠിപ്പിച്ചത്. രണ്ടാം പകുതിയില്‍ വിദേശ താരങ്ങളായ പോപ്ലാറ്റ്‌നിക്ക്, സ്റ്റൊജനോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് മല്‍സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച് കളിയില്‍ മുന്നിട്ട് നിന്നു. എന്നാല്‍ ഗോള്‍ വല കുലുക്കാനായില്ല. രണ്ടാംപകുതിയിലും ഗോള്‍ പിറക്കാതെ ആരാധകര്‍ നിരാശരായിത്തുടങ്ങുമ്പോഴായിരുന്നു 77ാം മിനുറ്റില്‍ പോപ്ലാറ്റ്‌നിക്കും ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റൊജനോവിച്ചും കേരളത്തിനായി വെടിയുതിര്‍ത്തത്. ഒക്ടോബര്‍ അഞ്ചാം തീയതി മുംബൈ സിറ്റിക്കെതിരെ രണ്ടാം മല്‍സരത്തിനിറങ്ങുന്നതിന് മുമ്പ് തങ്ങളുടെ വരവറിയിച്ച ബ്ലാസ്‌റ്റേഴ്‌സ് ഇതോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. ഒപ്പം ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യമായി കൊല്‍ക്കത്തെയെ തോല്‍പ്പിച്ചതിന്റെ ക്രഡിറ്റും.
ആക്രമിച്ചെങ്കിലും ഗോളടിക്കാതെ ആദ്യപകുതി
തുടക്കത്തില്‍ തന്നെ ആക്രമണരീതിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. കാലുകളില്‍ നിന്നും പന്തുകള്‍ റാഞ്ചിയെടുക്കാന്‍ അവസരങ്ങള്‍ നല്‍കാതെ ഓവര്‍ ഹെഡ് പാസുകളിലൂടെ കൊല്‍ക്കത്തയുടെ ഗോള്‍ വലയത്തില്‍ നിരന്തരം ഭീതി വിതയ്ക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. തങ്ങളുടെ നയമെന്തെന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കുകയായിരുന്നു കേരള ടീം. നാലാം മിനിറ്റില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ചൊരു മുന്നേറ്റം ആരാധകരെ ആവേശം കൊളളിച്ചു. ഇടത് വിങിലൂടെ കുതിച്ച ലാല്‍ റുവത്താര ബോക്‌സിലേക്ക് നല്‍കിയ എണ്ണംപറഞ്ഞൊരു ക്രോസില്‍ മറ്റേജ് പോപ്ലാറ്റ്‌നിക്കിന്റെ തകര്‍പ്പന്‍ ഹെഡര്‍. എന്നാല്‍ പോസ്റ്റിന് തൊട്ടരികിലൂടെ പന്ത് പുറത്തേക്ക്. പിന്നീടും ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയതോടെ കൊല്‍ക്കത്തന്‍ പ്രതിരോധം വിയര്‍ക്കാന്‍ തുടങ്ങി. പോപ്ലാറ്റ്‌നിക്കായിരുന്നു കേരളാ ആക്രമണത്തെ നയിച്ച് കൊണ്ടിരുന്നത്. ആദ്യ 10 മിനിറ്റുകളില്‍ത്തന്നെ മൂന്ന് തവണയാണ് പോപ്ലാറ്റ്‌നിക്ക് എതിര്‍ ബോക്‌സില്‍ അപകടം വിതച്ചത്. പന്ത്രണ്ടാം മിനുറ്റില്‍ അത് വരെയുള്ള ഏറ്റവും മികച്ച ഗോളവസരം ബ്ലാസ്റ്റേഴ്‌സിന്. തങ്ങള്‍ക്കനുകൂലമായി ലഭിച്ച പന്ത് ഒന്നാന്തരമൊരു ഹെഡറിലൂടെ ലാകിച്ച് പെസിച്ച് ഗോള്‍വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സെനാ റാള്‍ട്ടെയുടെ ഗോള്‍ ലൈന്‍ സേവ് കൊല്‍ക്കത്തന്‍ സംഘത്തിന്റെ രക്ഷയ്‌ക്കെത്തി. 16ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് എടികെയും ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചു. ഇത്തവണ കേരളത്തെ അപകടത്തില്‍ നിന്ന് രക്ഷിച്ചത് ഗോള്‍കീപ്പര്‍ ധീരജ് സിങും, ക്രോസ് ബാറും. ദുര്‍ബലമധ്യ നിരയെന്ന് മുന്‍വിധിയെഴുതിയവര്‍ക്കുളള ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടി കൂടിയായിരുന്നു ഇന്നലത്തെ കളി.
ആദ്യ 20 മിനിറ്റുകളിലും ആക്രമിച്ച ബ്ലാസ്റ്റേഴ്‌സ് പിന്നീട് അല്‍പം ഉള്‍വലിഞ്ഞ് എതിര്‍ടീമിനെ കളിപ്പിച്ച് തളര്‍ത്തിയുളള ശൈലി കളിക്കാന്‍ ആരംഭിച്ചു. ഇതിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് എറ്റികെ നായകന്‍ എവര്‍ട്ടണ്‍ സാന്റോസിന്റെ മികച്ചൊരു ഗോള്‍ ശ്രമം. ബോക്‌സിന് വെളിയില്‍ നിന്ന് ഓപ്പണ്‍ ഷോട്ടിന് അവസരം ലഭിച്ച ലാന്‍സറോട്ടെ സമയമൊട്ടും പാഴാക്കിയില്ല. താരം തൊടുത്ത വലം കാലന്‍ ബുള്ളറ്റ് ഷോട്ട് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തില്‍ പുറത്തേക്ക്. ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്റെ ശ്വാസം ഒരു നിമിഷം നിലച്ചു പോയി. 32ാം മിനിറ്റില്‍ ടീമിലെ ഏകമലയാളി താരം സഹല്‍ അബ്ദുള്‍സമദിന്റെ മറ്റൊരു ഗോള്‍ശ്രമവും പാഴായി. ബോക്‌സിന് വെളിയില്‍ നിന്ന് താരം തൊടുത്ത വെടിയുണ്ട എറ്റികെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ഡൈവിലൂടെ രക്ഷപെടുത്തി. ഒടുവില്‍ ആദ്യപകുതിയില്‍ ഗോളൊന്നും കാണാതെ തിരിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങി ആരാധകര്‍.
ആവേശവും പ്രതീക്ഷയും ഉയര്‍ത്തിയ രണ്ടാം പകുതി
തന്ത്രങ്ങളുടെ കുന്തമുനകള്‍ക്ക് മൂര്‍ച്ച കൂട്ടി മലയാളി താരം സഹലിന് പകരം കറേജ് പെക്കൂസണുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിക്കിറങ്ങിയത്. ആദ്യ പകുതിയിലെ പോലെ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നായിരുന്നു ആക്രമണങ്ങള്‍ തുടങ്ങിയത്. ഗോളുകള്‍ പിറക്കാന്‍ കഴിയാതെ വിരസതയിലേക്ക് വീണ കളിയായി പിന്നീട്. എന്നാല്‍ വീണ്ടും മികച്ച മുന്നേങ്ങളുമായി ബഌസ്‌റ്റേഴ്‌സ് താരങ്ങള്‍ മടങ്ങി വന്നത് ആവേശത്തിന് രണ്ടാം തിരി കൊളുത്തലായിരുന്നു.അറുപത്തിയേഴാം മിനുറ്റില്‍ പോപ്ലാറ്റ്‌നിക്ക് എടുത്ത ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിനകത്ത് നിന്ന് പെക്കൂസണ്‍ ഗോള്‍ വല ലക്ഷ്യമാക്കി തൊടുത്തെങ്കിലും ദുര്‍ബലമായ ആ ഷോട്ട് എ റ്റികെയ്ക്ക് ആശ്വാസം നല്‍കി. തൊട്ടടുത്ത മിനുറ്റില്‍ വീണ്ടും കേരളാ മുന്നേറ്റം ഇത്തവണ സന്ദേശ് ജിങ്കന്റെ ഹെഡറില്‍ നിന്നുള്ള ഗോള്‍ശ്രമത്തില്‍ പക്ഷേ എതിരാളികള്‍ ഒന്ന് വിറച്ചു. ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പക്ഷേ പന്ത് പുറത്തേക്ക്. 71ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക സബ്സ്റ്റിറ്റിയൂഷന്‍. രണ്ടാംപകുതിയില്‍ അവസരത്തിനൊത്തുയരാതിരുന്ന ലിന്‍ ഡൗംഗലിനെ പിന്‍ വലിച്ച പരിശീലകന്‍ ജെയിംസ് പകരമിറക്കിയത് മലയാളി സൂപ്പര്‍ താരം സി കെ വിനീതിനെ. എഴുപത്തിയഞ്ചാം മിനുറ്റില്‍ എറ്റികെ മത്സരത്തില്‍ ഇരട്ട മാറ്റങ്ങള്‍ വരുത്തി. ബല്‍ വന്ത് സിംഗിനേയും, എല്‍നാസറിനേയും പിന്‍ വലിച്ചപ്പോള്‍ പകരമെത്തിയത് യൂജിന്‍ സണ്‍ ലിംഗ്‌ദോയും, ഗോളടി വീരന്‍ കാലു ഉച്ചെയും. എഴുപത്തിയേഴാം മിനുറ്റിലായിരുന്നു കേരളത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. സ്ലാവിസ സ്റ്റോജനോവിച്ചിന്റെ ഗോള്‍ലക്ഷ്യമാക്കിയുള്ള ഷോട്ട് എതിര്‍ പ്രതിരോധതാരങ്ങളില്‍ തട്ടി ഉയര്‍ന്ന് പൊങ്ങുമ്പോള്‍ പോപ്ലാറ്റ്‌നിക്കിനെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. പന്തിനായി ഉയര്‍ന്ന് ചാടിയ പോപ്ലാറ്റ്‌നിക്ക് കൃത്യമായ ഹെഡറിലൂടെ പന്ത് ഗോള്‍ വലയിലെത്തിച്ചു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കാണികളില്‍ ആവേശം വിതച്ച ഗോളോടെ ബഌസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. എണ്‍പത്തിയാറാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ . എറ്റികെ ബോക്‌സിനകത്ത് പന്ത് ലഭിച്ച സ്ലാവിസ സ്റ്റൊജനോവിച്ച് എതിര്‍ താരങ്ങളെ അതിസമര്‍ഥമായി കബളിപ്പിച്ച് ഗോള്‍ വലയിലേക്ക് തൊടുത്ത ഷോട്ട് തടുക്കാന്‍ എറ്റികെ ഗോള്‍കീപ്പര്‍ക്ക് കഴിയുമായിരുന്നില്ല.വിജയം ഉറപ്പിച്ച രണ്ടാമത്തെ ഗോള്‍. അവസാനനിമിഷം കിസിറ്റോയെ ഇറക്കി കേരളം കൂടുതല്‍ആത്മവിശ്വാസത്തോടെ പന്ത് കാലില്‍ വച്ച് എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും റഫറിയുടെ നീളന്‍ വിസിലിന്റെ വിജയഭേരിനാദമെത്തി.അപ്രതീക്ഷിതമായ ടീമിനെ ഇറക്കി പുതിയ ഫുട്‌ബോള്‍ ചരിത്രങ്ങള്‍ക്ക് ആയിരങ്ങളെ സാക്ഷിയാക്കിയാണ് ബഌസ്‌റ്റേഴ്‌സ് ഉയര്‍ത്തിയെഴുന്നേറ്റത്. അതിജീവനത്തിനായി പോരാടുന്ന കേരളത്തിന്റെ ആദ്യവിജയം.