ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് രണ്ടാം മല്‍സരത്തിനിറങ്ങിയ കേരളത്തിന് ഒഡീഷയ്്‌ക്കെതിരേ ആറു വിക്കറ്റിന്റെ ജയം. സ്പിന്‍ മികവിലാണ് കേരളം ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒഡീഷയെ കേരളം 34.4 ഓവറില്‍ 10 വിക്കറ്റിന് 117 റണ്‍സില്‍ പുറത്താക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ കേരളം വെറും നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 37.3 ഓവറില്‍ 118 റണ്‍സെടുത്ത് വിജയതീരമണിയുകയായിരുന്നു.
ടോസ് നേടിയ കേരളാ നായകന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. 26 റണ്‍സെടുത്ത ശുഭ്രന്‍സു സേനാപതിയാണ് അവരുടെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രന്‍ 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടിയപ്പോള്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ജലജ് സക്‌സേന മൂന്ന് വിക്കറ്റും പിഴുതു.
കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപണര്‍മാരായ വിഷ്ണു വിനോദിന്റേയും(10) ജലജ് സക്‌സേനയുടേയും(4) വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 25 റണ്‍സ് മാത്രം. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന സഞ്ജു സാംസണും(25) സച്ചിന്‍ ബേബിയും(41) ചേര്‍ന്ന് ടീമിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മറ്റൊരു താരം സല്‍മാന്‍ നിസാര്‍ 31 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ ആന്ധ്രയ്‌ക്കെതിരെ നടന്ന ആദ്യ മല്‍സരത്തില്‍ കേരളംഏഴ് റണ്‍സിന് പരാജയപ്പെട്ടിരുന്നു.