ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി; യതീഷ് ചന്ദ്രയെ മാറ്റി
ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 30 വരെ വീണ്ടും നീട്ടി. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 30 വരെ വീണ്ടും നീട്ടി. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലിസ് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16ന് നട തുറന്നതിന് മുന്നോടിയായി 15ന് അര്‍ധരാത്രി മുതല്‍ 7 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നവംബര്‍ 22ന് വീണ്ടും 26 വരെ നീട്ടുകയായിരുന്നു. അതേസമയം ശബരിമല ഡ്യൂട്ടിയില്‍ നിന്നു എസ്പിമാരടക്കമുള്ള ചില ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചു. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്കു പകരം എച്ച് മഞ്ജുനാഥിനെ നിയമിച്ചു. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ചുമതല ഐജി ദിനേന്ദ്ര കശ്യപിനാണു ചുമതല. നേരത്തേ ഐജി വിജയ് സാഖറെയ്ക്കായിരുന്നു ചുമതല. പമ്പയില്‍ ഹരിശങ്കറിനു പകരം കാളിരാജ് മഹേഷ് കുമാറാണ് എസ്പി. പമ്പ, നിലയ്ക്കല്‍ മേഖലയില്‍ ചുമതല ഐജി മനോജ് എബ്രഹാമിനു പകരം അശോക് യാദവിനു നല്‍കി. പുതിയ ഉദ്യോഗസ്ഥര്‍ 30ന് ചുമതലയേല്‍ക്കും.