ടീം തിരഞ്ഞെടുപ്പിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി കോഹ്‌ലി-ശാസ്ത്രി സഖ്യത്തിനെതിരെ വിമര്‍ശനം
ലണ്ടന്‍: അടിക്കടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പില്‍ വരുത്തുന്ന മാറ്റങ്ങള്‍ താരങ്ങളെ മോശമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതിന് കാരണവും ഇത്തരത്തിലുള്ള ടീമിലെ മാറ്റമാണെന്ന്് ഇന്ത്യന്‍ എക്‌സപ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓപ്പണിങില്‍ മുരളി വിജയ്, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ ത്രയങ്ങളെ മാറിമാറി പരീക്ഷിച്ചിരുന്നു. അതേസമയം ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും എല്ലാമല്‍സരങ്ങളിലും ഇടം നേടിയിരുന്നുമില്ല. ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് തുടങ്ങിയവരെ വിക്കറ്റ് കീപ്പിങിലും മാറിമാറി പരീക്ഷിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങളും നടപടികളും താരങ്ങളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
കോഹ്‌ലി-ശാസ്ത്രി കൂട്ടുകെട്ടിലെ തീരുമാനങ്ങള്‍ പലതാരങ്ങളേയും അസ്വസ്ഥരാക്കുന്നുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലുമൊരു മോശം ഫോമിന്റെ പേരില്‍ പലപ്പോഴും ടീമില്‍ നിന്ന് പുറത്താക്കുന്നതായും പകരം അവസരം നല്‍കി മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്നില്ലെന്നുമാണ് താരങ്ങളുടെ പ്രധാന വിമര്‍ശനം. അവര്‍ ആദ്യമേ ചില കാര്യങ്ങള്‍ പറയണമായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റില്‍ ഒരേ ടീമിനെ ആയിരിക്കും പരിഗണിക്കുക, നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കൂ. അത് തരുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.'ടീമംഗങ്ങളിലൊരാള്‍ പറയുന്നു.
കോഹ്‌ലിയാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നില്ല. അദ്ദേഹം തന്റെ ടീം എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ സംശയമുളവാക്കുന്നു. ചിലപ്പോള്‍ ഞങ്ങളുടെ തോന്നല്‍ മാത്രമായിരിക്കാം, പക്ഷെ ഞങ്ങള്‍ മനുഷ്യരാണ.് ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് ടീമിലുള്‍പ്പെട്ട താരങ്ങളിലൊരാളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.നേരത്തെ ധോണിയുടെ നായകത്വത്തിന് കീഴില്‍ കൊണ്ടുവന്ന താരങ്ങളെ മാറ്റിമാറ്റി പരീക്ഷിച്ചിരുന്ന റൊട്ടാറ്റിങ് സമ്പ്രദായം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.