തിരുവനന്തപുരം: സംസ്ഥ്‌ന സ്‌കൂള്‍ കായക മേളയില്‍ ചാംപ്യന്‍ സ്‌കൂള്‍ പട്ടത്തിനായുള്ള പോരാട്ടത്തില്‍ ആദ്യ ദിനം മുന്നില്‍ നിന്ന അയല്‍ക്കാരായ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനെ പിന്തള്ളി കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് രണ്ടാം ദിനത്തില്‍ മുന്നിലെത്തി. ആദ്യ ദിനത്തില്‍ നേരിയ വ്യത്യാസത്തില്‍ പിന്നിലായിരുന്ന സെന്റ് ജോര്‍ജ് 55 പോയിന്റുമായാണ് സ്ഥിരം വൈരികളായ മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ മുന്നിലോടി കയറിയത്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവും സെന്റ് ജോര്‍ജ് നേടി. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിലവിലെ ചാംപ്യന്‍ സ്‌കൂളായ മാര്‍ ബേസില്‍ 44 പോയിന്റ് നേടി. നാല് സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമാണ് മാര്‍ ബേസില്‍ താരങ്ങള്‍ രണ്ടു ദിനങ്ങളിലായി ട്രാക്കില്‍ നിന്ന് നേടിയത്. 39 പോയിന്റുള്ള പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്എസ് ആറ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ്. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ 31 പോയിന്റുമായി തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളാണ് നാലാം സ്ഥാനത്ത്.