ന്യൂഡല്‍ഹി: ബിജെപി വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിയില്‍ റ്റുമെന്‍ ആര്‍മി (മോദി-അമിത് ഷാ) പ്രഭാവം ഊറ്റംകൊണ്ടിരിക്കുന്ന സമയത്താണ് നിതിന്‍ ഗഡ്കരിയുടെ ഒളിയമ്പ്. ബിജെപി എന്നാല്‍ മോദിയും അമിത് ഷായുമല്ല, ബിജെപി പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായ പാര്‍ട്ടിയാണെന്നും നിതിന്‍ പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിതിന്‍ ഗഡ്കരിയുടെ ഒളിയമ്പ്. ബിജെപി കഴിഞ്ഞകാലത്ത് വാജ്‌പേയി -അദ്വാനി പാര്‍ട്ടിയായിരുന്നില്ലെന്നും ഇപ്പോള്‍ മോദി-അമിത് ഷാ പാര്‍ട്ടിയല്ലെന്നും ഗഡ്കരി പറഞ്ഞു. മോദിയെ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ മോദിയും ബിജെപിയും പരസ്പര പൂരകങ്ങളാണ്. പാര്‍ട്ടി ഒരിക്കലും ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് ഉള്ളതല്ല. ഇതൊരു പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടിയാണ് ഗഡ്കരി പറഞ്ഞു.ബിജെപിയില്‍ ഒരുതരത്തിലുള്ള കുടുംബവാഴ്ച്ചയും നടക്കില്ലെന്നും ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.