കശ്മീരില്‍ സ്ഥലം വില്‍പ്പനയ്ക്കുണ്ടോയെന്ന് ഗൂഗിളില്‍ തിരഞ്ഞ് ലക്ഷങ്ങൾ

Update: 2019-08-06 13:33 GMT

ന്യൂഡൽഹി: പുര കത്തുമ്പോൾ വാഴവെട്ട് എന്ന പ്രയോ​ഗം അക്ഷരാർഥത്തിൽ പുലർന്ന കാഴ്ചയായിരുന്നു ​ഗൂ​ഗിളിൽ ഇന്ന്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത് കശ്മീരിലെ ഭൂമിക്ക് സെന്റിനെന്ത് വിലയെന്നായിരുന്നു. കശ്മീരിൽ ഭൂമി വിൽപ്പനയ്ക്കുണ്ടോ, സെൻ്റിന് എത്ര രൂപ നൽകണം എന്നൊക്കെ തിരയുന്നതിലായിരുന്നു ഇന്ത്യക്കാർക്ക് താൽപ്പര്യം. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയാതോടെ കശ്മീരില്‍ സ്ഥലങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന വ്യാജ സന്ദേശം വാട്‌സ്‌ആപില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആളുകള്‍ ഗൂഗിളില്‍ തിരച്ചില്‍ തുടങ്ങിയത്.

അതേസമയം ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കശ്മീരില്‍ പ്ലോട്ട് വാങ്ങാന്‍ അന്വേഷകര്‍ ഏറെയുണ്ടായിരുന്നത്. കൂടാതെ, കശ്മീരില്‍ എങ്ങനെയാണ് ഭൂമി വാങ്ങാന്‍ കഴിയുന്നതെന്നും ഇവര്‍ അന്വേഷിച്ചു. കശ്മീരില്‍ മാത്രമല്ല ലഡാക്കിലും ഭൂമിക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ചിലരാകട്ടെ വില്ലകള്‍ വാങ്ങാന്‍ വരെ തയ്യാറായിരുന്നു.

ജമ്മു-കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും പ്രകാരം കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിനോ ജോലി നേടുന്നതിനോ കഴിയില്ലായിരുന്നു. ഇപ്പോള്‍ പ്രത്യേക പദവികള്‍ എടുത്തുമാറ്റിയതോടെ രാജ്യത്തിന്‍റെ ഏതു ഭാഗത്തുള്ളവര്‍ക്കും ജമ്മു-കശ്മീരില്‍ ഭൂമി വാങ്ങുന്നതിനും സ്ഥിരതാമസമാക്കുന്നതിനും കഴിയും. ഇതാണ് തിരച്ചിലുകൾ വർധിക്കാനിടയാക്കിയത്.

Similar News