ഇടുക്കിയില്‍ കനത്തമഴ; മണ്ണിടിച്ചില്‍, കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ തുറന്നു

Update: 2019-08-08 05:15 GMT

ഇടുക്കി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു.

ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വണ്ടിപ്പെരിയാറില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കീറിക്കര മേഖലയിലെ ഏതാനും വീടുകളിലും വെള്ളം കയറി. കുമളി കൊട്ടാരക്കര ദേശീയ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി പന്നിയാര്‍കുട്ടിയില്‍ മണ്ണിടിഞ്ഞ് രാജാക്കാട്-വെള്ളത്തൂവല്‍ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഇടുക്കി-എറണാകുളം റൂട്ടിലും ഗതാഗതം നിലച്ചു. കട്ടപ്പനയില്‍ ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. ആളപായം ഇവിടെയും റിപോര്‍ട്ട് ചെയ്തിട്ടില്ല.

മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്. ഇക്കനഗറില്‍ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. മൂന്നാറിലെ പഴയ ഡിവൈഎസ്പി ഓഫിസിന് സമീപം മണ്ണിടിഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും അധികൃതരും. വരും ദിവസങ്ങളും പ്രദേശത്ത് നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

Similar News