മലപ്പുറത്ത് സിപിഎം മത്സരിപ്പിക്കുന്നതിലധികവും അടര്‍ന്നു പോന്നവര്‍

മലപ്പുറം ജില്ലയില്‍ സിപിഎം നേതാക്കള്‍ മത്സരിക്കുമ്പോള്‍ ലഭിക്കാത്ത വിജയം മറ്റു പാര്‍ട്ടികളില്‍ നിന്നും മാറി വന്നവര്‍ ജനവിധി തേടുമ്പോഴാണ് നേടാറുള്ളത്.

Update: 2021-03-11 05:24 GMT
കോഴിക്കോട്: സിപിഎം മലപ്പുറം ജില്ലയില്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥികളില്‍ അധികവും മറ്റു പാര്‍ട്ടികളില്‍ നിന്നും അടര്‍ന്നു പോന്നവര്‍. 2006ല്‍ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താന്‍ കെ ടി ജലീല്‍ എന്ന യൂത്ത്‌ലീഗിന്റെ മുന്‍ നേതാവിനെ ഇറക്കി നടത്തിയ പരീക്ഷണത്തിന്റെ ആവര്‍ത്തനമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം മലപ്പുറത്ത് തുടരുന്നത്. ഇപ്രാവശ്യം ജില്ലയില്‍ മത്സരിക്കുന്നവരില്‍ കെ ടി ജലീല്‍ മുതല്‍ കൊണ്ടോട്ടിയിലെയും പെരിന്തല്‍മണ്ണയിലെയും പുതുമുഖ സ്ഥാനാര്‍ഥികള്‍ വരെയുള്ളവര്‍ മുസ്‌ലിം ലീഗില്‍ നിന്നും പടിയിറങ്ങി വന്നവരാണ്.


മലപ്പുറം ജില്ലയില്‍ സിപിഎം പ്രഖ്യാപിച്ച 11 സ്ഥാനാര്‍ഥികളില്‍ 7 പേരും മറ്റു പാര്‍ട്ടികളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചവരാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന കെ ടി ജലീല്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പി വി അന്‍വര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ പുതുമയില്ലെങ്കിലും ഇവര്‍ രണ്ടുപേരും ഒരു കാലത്ത് സിപിഎമ്മിനെ ശക്തമായി എതിര്‍ത്തിരുന്ന പ്രമുഖ നേതാക്കളായിരുന്നു. വണ്ടൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ആക്കിയ പി മിഥുന മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പള്ളിക്കല്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയ വ്യക്തിയാണ്. മുസ്‌ലിം ലീഗ് മലപ്പുറം നഗരസഭാ ചെയര്‍മാനായിരുന്ന കെ പി മുഹമ്മദ് മുസ്തഫക്കാണ് സിപിഎം പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയത്. മുന്‍ എംഎല്‍എ വി ശശികുമാര്‍, പെരിന്തല്‍മണ്ണ നഗരസഭാ മുന്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലിം, വി ശശികുമാറിന്റെ ഭാര്യയും കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയുമായ കെ ബദറുന്നീസ തുടങ്ങി പാര്‍ട്ടി പാരമ്പര്യമുള്ള പ്രമുഖരുടെ നിര തന്നെയുള്ളപ്പോഴാണ് മലപ്പുറത്ത് നിന്നുമുള്ള മുന്‍ ലീഗ് നേതാവ് കെ പി മുഹമ്മദ് മുസ്തഫയെ സിപിഎം പെരിന്തല്‍മണ്ണയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.


മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പാലോളി അബ്ദുറഹിമാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമാണ്. കൊണ്ടോട്ടിയില്‍ സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കുന്ന കെ.പി.സുലൈമാന്‍ ഹാജി മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ ഭാരവാഹിയായിരുന്നു. നാട്ടിലെ ജീര്‍ണ്ണാവസ്ഥയിലുള്ള ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത് വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തികൂടിയാണ് സുലൈമാന്‍ ഹാജി. താനൂരില്‍ സിപിഎം രണ്ടാമതും മത്സരിപ്പിക്കുന്ന വി അബ്ദുറഹിമാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. കഴിഞ്ഞ പ്രാവശ്യം നേടിയ വിജയമാണ് അബ്ദുറഹിമാന് വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.


മലപ്പുറം ജില്ലയില്‍ സിപിഎം നേതാക്കള്‍ മത്സരിക്കുമ്പോള്‍ ലഭിക്കാത്ത വിജയം മറ്റു പാര്‍ട്ടികളില്‍ നിന്നും മാറി വന്നവര്‍ ജനവിധി തേടുമ്പോഴാണ് നേടാറുള്ളത്. കെ ടി ജലീല്‍, വി അബ്ദുറഹിമാന്‍, പി വി അന്‍വര്‍, മഞ്ഞളാംകുഴി അലി തുടങ്ങി പല ഉദാഹരണങ്ങളും ഇതിന് കാണിക്കാനുണ്ട്. ഇതേ തന്ത്രം തന്നെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം നടത്തുന്നത്.




Tags:    

Similar News