പുതിയ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസരീതികളില്‍ മാറ്റങ്ങള്‍ ഉണ്ടാകണം: മന്ത്രി കെ രാജന്‍
തൃശൂര്‍: പുതിയ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ ബോധനരീതികളില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്നത് സംസ്ഥാന പുരോഗതിയുടെ മൂലധനമാണെന്നും മന്ത്രി പറഞ്ഞു. പുത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ബ്ലോക്ക്, അടുക്കള, മെസ് ഹാള്‍ എന്നിവയുടെ താക്കേല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ പുതിയ കെട്ടിടത്തില്‍ സ്ഥാപിക്കുന്ന സിസിടിവി കാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി നിര്‍വഹിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍ മുഖ്യാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഷീബ പി.മാത്യൂ, ഹെഡ്മിസ്ട്രസുമാരായ കെ എസ് സജിത, കെ എ ഉഷാകുമാരി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.