കുട്ടികള്‍ക്കൊപ്പം കളിച്ചും സെല്‍ഫിയെടുത്തും 'ജോര്‍ഡിന്‍ഡ്യന്‍' താരങ്ങള്‍.
ഷാര്‍ജ: അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ രണ്ടാം ദിനം കയ്യടക്കി 'ജോര്‍ഡിന്‍ഡ്യന്‍' താരങ്ങള്‍ക്കൊപ്പം കുട്ടികളും കൗമാരക്കാരും. രണ്ടാം ദിനമായ നവംബര്‍ 4 വ്യാഴം വൈകിട്ട് 8. 30 മുതല്‍ 10.00 വരെ, ബോള്‍ റൂമില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് പ്രശസ്ത 'ജോര്‍ഡിന്‍ഡ്യന്‍' യൂ ട്യൂബ് പരിപാടിയിലെ താരങ്ങളായ നാസര്‍ അല്‍ അസ്സെ, വിനീത് കുമാര്‍ എന്നിവര്‍ ആസ്വാദകരോട് സംവദിച്ചത്. കൊച്ചുകുട്ടികള്‍ തുടങ്ങി കൗമാരക്കാരും യുവാക്കളുമായ വലിയ സദസ്സ് ഹര്‍ഷാരവത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിച്ചത്. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് നര്‍മവും യുക്തിയും ചേര്‍ത്ത മറുപടികളുമായി ഇരുവരും സദസിനെ കയ്യിലെടുത്തു. തങ്ങളുടെ യൂട്യൂബ് പരിപാടിയുടെ തുടക്കം, 'ജോര്‍ഡിന്‍ഡ്യന്‍' എന്നപേരിലേക്കുള്ള എത്തിപ്പെടല്‍, തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ സവിശേഷത, നേരിടേണ്ടിവന്ന വെല്ലുവിളികള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. സമയോചിതമായ വിഷയങ്ങളെ സ്വാഭാവിക നര്‍മ ഭാവനയില്‍ അവതരിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ജോര്‍ഡിന്‍ഡ്യന്‍' താരങ്ങള്‍ പറഞ്ഞു. കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച്, ആടിയും പാടിയും അവര്‍ക്കൊപ്പം ചേര്‍ന്ന താരങ്ങള്‍ സദസ്സിനൊപ്പം സെല്‍ഫിയെടുത്തും ആഹ്ലാദത്തില്‍ പങ്കെടുത്തു.