ഷാര്‍ജ: ദൃഡനിശ്ചയമുണ്ടെങ്കില്‍ എല്ലാ പരിമിതികളെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നവ്യ ഭാസ്‌ക്കരന്റെ ദി ഡേ ഐ ആള്‍ മോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ റൈറ്റഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ ഖാലിദ് വലീദ് ബുക്കാത്തിര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേന്‍ വൈസ് പ്രസിഡന്റ് വൈ എ റഹീമിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, എഴുത്തുകാരന്‍ പത്മനാഭന്‍ നാലപ്പാട്ട് നവ്യയുടെ മാതാ പിതാക്കളായ ഡോക്ടര്‍ ഭാസ്‌ക്കരന്‍, ഡോക്ടര്‍ വന്ദന എന്നിവര്‍ സംബന്ധിച്ചു. തന്റെ പരിമതികള്‍ക്കുള്ളില്‍ നിന്ന് നിരവധി സംഗീത ആല്‍ബങ്ങള്‍ ചെയ്തിട്ടുള്ള നവ്യയുടെ ശബ്ദ ശേഷി പോലും നഷ്ടപ്പെട്ട 8 മാസത്തെ തീവ്രമായ അനുഭവങ്ങളാണ് ഈ നവ്യ പുസ്തക രൂപത്തിലാക്കിയത്. എട്ടാം വയസ്സ് മുതല്‍ സംഗീതം ഇഷ്ടപ്പെടുന്ന നവ്യ 2019 ലെ യുഎഇ മ്യൂസിക്ക് റിയാലിറ്റി ഷോ ചാമ്പ്യന്‍ ആയിരുന്നു. ഇതേ വര്‍ഷം തന്നെ അമേരിക്കയില്‍ നടന്ന മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. നവ്യ എഴുതിയ കവിത യൂനിസെഫിന്റെ വോയ്‌സ് ഓഫ് യൂത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായ് എക്‌സ്‌പോ 2020 യിലും നവ്യക്ക് സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.