ദമ്മാം: സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ കൊല്ലം ഓയൂര്‍ റോഡുവിള സ്വദേശി ഫസീല മന്‍സില്‍ കബീറിന്റെ (36) മയ്യിത്ത് ഖബറടക്കി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം ദമ്മാം 91 ലെ മസ്ജിദുല്‍ ഫുര്‍ഖാനില്‍ വച്ച് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും 91 ലെ മഖ്ബറയില്‍ ഖബറടക്കുകയുമായിരുന്നു. ഫെബ്രുവരി 07 ന് നാട്ടില്‍ നിന്നെത്തിയ കബീര്‍ 09ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
ഏറെനാള്‍ അല്‍ കോബാറില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന കബീര്‍ നാലുമാസം മുമ്പാണ് എക്‌സിറ്റില്‍ നാട്ടിലേക്ക് പോയത്.
ദീര്‍ഘനാള്‍ പ്രവാസിയായിരുന്ന കബീറിന് വീട് എന്ന അടിസ്ഥാന ആവശ്യം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തന്റെ കുടുംബത്തിന് സുരക്ഷിതമായി കഴിയാന്‍ ഒരു ചെറിയ വീട് എന്ന സ്വപ്നവുമായി പ്രവാസ ലോകത്തേക്ക് തിരിച്ചു വന്ന കബീറിനെ തിരിച്ചെത്തി രണ്ടാംനാള്‍ മരണം തട്ടിയെടുക്കുകയായിരുന്നു.
ജോലി സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കബീറിനെ ദമ്മാമിലെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം റോഡുവിള സ്വദേശികളായ ഷുഹൈബ്, സുബൈറത്ത് ബീവി ദമ്പതികളുടെ
മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് മരണപ്പെട്ട കബീര്‍. ഫസീലയും സുധീറയുമാണ് സഹോദരങ്ങള്‍ .
ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ (7), ആദില്‍(3) എന്നിവര്‍ മക്കളാണ്.
ഷാമിലാ ബീവി ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. മരണശേഷം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കബറടക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരളഘടകം പ്രസിഡന്റ് പികെ മന്‍സൂര്‍ എടക്കാട് കമ്മിറ്റി അംഗങ്ങളായ സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ കൂടിയായ കബീറിന്റെ മയ്യിത്ത് ഖബറടക്കല്‍ ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ക്കു പുറമേ നിരവധി സുഹൃത്തുക്കളും സോഷ്യല്‍ ഫോറം പ്രവര്‍ത്തകരും പങ്കെടുത്തു.