യുവതി പ്രവേശനത്തില്‍ അതിയായ സന്തോഷം; ബിജെപിയെ വെട്ടിലാക്കി ഉദിത് രാജ് എംപി

ദലിതനെന്ന നിലയിലും ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം സുപ്രിംകോടതി വിധി നടപ്പാക്കാന്‍ അവസരമൊരുക്കിയ ഇടത് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.

Update: 2019-01-02 10:21 GMT

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതിപ്രവേശനത്തില്‍ പരസ്യമായി സന്തോഷം പ്രകടിപ്പിച്ച് ബിജെപി എംപി രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കുന്നു. നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി എംപിയും ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി, എസ്ടി ഓര്‍ഗനൈസേഷന്‍ ദേശീയ ചെയര്‍മാനുമായ ഉദിത് രാജാണ് യുവതി പ്രവേശനത്തെ സ്വാഗതം ചെയ്തത്.

ദലിതനെന്ന നിലയിലും ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം സുപ്രിംകോടതി വിധി നടപ്പാക്കാന്‍ അവസരമൊരുക്കിയ ഇടത് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനോടു യോജിപ്പില്ലെന്നും ഇക്കാര്യത്തില്‍ തെരുവിലിറങ്ങുന്ന കേരള ബിജെപിയുടെ നയം അംഗീരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സതി, സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ ഇല്ലാതായപോലെ ഇത്തരം അനാചാരങ്ങളും ഇല്ലാതാവണം. പെണ്ണിനെ അശുദ്ധയായി കാണുന്ന എല്ലാ ആചാരങ്ങളും ലംഘിക്കേണ്ടതാണ്. ഒരോ സ്ത്രീകളുടേയും ഗര്‍ഭപാത്രത്തില്‍ നിന്നാണ് ഓരോ മനുഷ്യനും ജന്മം കൊള്ളുന്നതെന്ന വസ്തുത മറന്നുകൂടെന്നും ഉദിത് രാജ് എംപി പറഞ്ഞു. ശബരിമല വിഷയത്തില്‍ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധവും നടത്തിയ ബിജെപിക്ക് എംപിയുടെ പരാമര്‍ശം തിരിച്ചടിയാവുമെന്നുറപ്പ്.



Tags:    

Similar News