
തിരുവനന്തപുരം: ആയിരം രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസ് കാഷ്വല്‍ സ്വീപ്പര്‍ അറസ്റ്റില്‍. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറായ കെ ജയപ്രകാശിനെയാണ് പത്തനംതിട്ട വിജിലന്‍സ് പിടികൂടിയത്. വില്ലേജ് ഓഫീസില്‍ വച്ച് കൊല്ലം ആനയടി സ്വദേശിയായ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയപ്രകാശിനെ വിജിലന്‍സ് സംഘം പിടികൂടിയത്.
പരാതിക്കാരന്‍ തന്റെ സുഹൃത്തിന്റെ പേരില്‍ പത്തനംതിട്ട കുരമ്പാല വില്ലേജ് പരിധിയില്‍പ്പെട്ട 2.5 ഏക്കര്‍ സ്ഥലം പണയം വച്ച് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നതിനായി എഫ്എം സ്‌കെച്ചും, ലൊക്കേഷന്‍ സ്‌കെച്ചും ലഭിക്കുന്നതിനായി ഏപ്രില്‍ 23ന് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അന്ന് വസ്തു നോക്കാനെന്നും പറഞ്ഞ് സ്ഥലത്തെത്തിയ ജയപ്രകാശ് 1500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. സ്‌കെച്ചുകള്‍ വാങ്ങാനായി വില്ലേജ് ഓഫീസില്‍ വരുമ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് കൊടുക്കുന്നതിനും മറ്റുമായി 1000 രൂപ കൂടി കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ജയപ്രകാശിനെ കൈയ്യോടെ പിടികൂടിയത്.