രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 15,968 പേര്‍ക്ക് കൊവിഡ്, ആകെ രോഗബാധിതര്‍ 4,56,183
ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കുകയും കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമാവുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്നിട്ടുളളത്. എങ്കിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യയില്‍ സാമൂഹികവ്യാപനം നടന്നിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. സമയോചിതമായ പ്രവര്‍ത്തനം കൊണ്ട് കൊവിഡ് വ്യാപനത്തെ തടയാന്‍ ഇന്ത്യയ്ക്കായെന്ന് ലോകാരോഗ്യസംഘടന പുകഴ്ത്തുക പോലും ചെയ്തു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,968 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ 465 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,56,183 ആയി. രാജ്യത്ത് 1,83,022 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 2,58,685 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 1,42,900 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. അവിടെ 6,739 പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70,390 ആയി. മരണസംഖ്യ 2,365.
തമിഴ് നാട്ടില്‍ 67,468 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 24 മണിക്കൂറിനുളളില്‍ രോഗംബാധിച്ചവരുടെ എണ്ണം 2,865ആയി. ഇന്നലെ 33 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. അതോടെ ആകെ രോഗബാധിതരുടെ എണ്ണം 866ആയി.
ഗുജറാത്തില്‍ 28,371 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. ആകെ മരണം 1,710 രേഖപ്പെടുത്തി.