സിഖ് കൂട്ടക്കൊല: മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി നിരസിച്ചു

Update: 2020-09-04 09:34 GMT

ന്യൂഡല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊല കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി നിരസിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. സജ്ജന്‍ കുമാര്‍ പ്രതിയായ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീല്‍ സുപ്രിംകോടതി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം പരിഗണിക്കാനിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സജ്ജന്‍ കുമാറിന് അടിയന്തിര ചികില്‍സ ആവശ്യമില്ലെന്ന മെഡിക്കല്‍ റിപോര്‍ട്ടും കോടതി പരിഗണിച്ചു.

സജ്ജന്‍ കുമാറിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം രോഗബാധിതനാണെന്നും അടിയന്തിര ചികില്‍സ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ്ങ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായി. ഡിസംബര്‍ 2018 മുതല്‍ സജ്ജന്‍ കുമാര്‍ ജയിലിലാണ്.

1984 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം കൊടുത്ത ഈ കലാപത്തില്‍ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തുന്നതിന് സജ്ജന്‍ കുമാര്‍ നേതൃത്വം നല്‍കിയെന്നാണ് ആരോപണം. കേസ് പരിഗണിച്ച ഡല്‍ഹി കോടതി ഡിസംബര്‍ 17, 2018 ല്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു. അന്നുമുതല്‍ സജ്ജന്‍ കുമാര്‍ ജയിലിലാണ്. 

Tags:    

Similar News