നിര്‍മ്മല പരിയാര്‍, ഖന്‍ഡോ തമാങ്ങ്; ഭൂകമ്പം കാലെടുത്തപ്പോള്‍ ഉടലെടുത്ത സൗഹൃദം(ചിത്രങ്ങള്‍, വര്‍ഷങ്ങളിലൂടെ..)

കാഠ്മണ്ഡു: 2015ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂകമ്പം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. എന്നാല്‍ ആ ഭൂകമ്പം ഓരോ കാലും നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം കൂടിയായിരുന്നു. ഭൂകമ്പം ഒന്നിപ്പിച്ച നിര്‍മ്മല പരിയാറിന്റെയും ഖന്‍ഡോ തമാങ്ങിന്റെയും കഥ വേറിട്ട ഒന്നാണ്.


2015 ഏപ്രില്‍ 25 നാണ് നേപ്പാളിനെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. പത്ത് ലക്ഷത്തിലധികം വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു. പരിക്കേറ്റ നിരവധി പേര്‍ അതിജീവിക്കാന്‍ പാടു പെടുന്ന അവസരത്തിലാണ് കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ വച്ച് നിര്‍മ്മല പരിയാറും ഖന്‍ഡോ തമാങ്ങും കണ്ടു മുട്ടുന്നത്.


ഭൂകമ്പത്തെത്തുടര്‍ന്ന് നിര്‍മ്മല പരിയാര്‍ തകര്‍ന്നുവീണ മെറ്റല്‍ ഗേറ്റിനും കോണ്‍ക്രീറ്റ് ഭിത്തിക്കും കീഴില്‍ കുടുങ്ങി. അതുവഴി കടന്നുപോകുന്ന ആളുകള്‍ ഒരു കുട്ടിയുടെ മുടി ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അപ്പോഴേക്കും അവള്‍ക്ക് തന്റെ ഒരു കാല് നഷ്ടപെട്ടു. ചലനമറ്റു കിടന്ന ആ കാല് കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.
അവിടെ നിന്നും ബോധം തിരിച്ചുകിട്ടിയ്‌പ്പോഴാണ് പരിയാര്‍ തന്നെപോലെ ഭൂകമ്പത്തില്‍ കാല് നഷ്ടപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. അവിടെ നിന്നുമാണ് നിര്‍മ്മല പരിയാറിന്റെയും ഖന്‍ഡോ തമാങ്ങിന്റെയും കഥ തുടങ്ങുന്നത്. പര്‌സപരം ആശ്വസിപ്പിച്ചും പിന്തുണച്ചും അവര്‍ ആശുപത്രി കിടക്ക പങ്കിട്ടു. ആശുപത്രിയില്‍ നിന്നു മടങ്ങിയ അവര്‍ ഒരേ സ്‌കൂളില്‍ ചേര്‍ന്നു.
അവര്‍ക്ക് നടക്കാന്‍ മാസങ്ങള്‍ നീണ്ട ശസ്ത്രക്രിയയും പരിചരണവും വേണ്ടിവന്നു. രണ്ടു പേരും ക്രിത്രിമകാലുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. നിലവില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരുവരും തങ്ങളുടെ ഭാവി പരിപാടികളെ കുറിച്ച് ആലോചിക്കുന്ന തിരക്കിലാണ്.