ഗുജറാത്തില്‍ അദാനിയുടെ തുറമുഖത്ത് നിന്നും 21000 കോടിയുടെ മയക്കുമരുന്ന് വേട്ട; ഇ ഡി അന്വേഷണം തുടങ്ങി

അതേസമയം കമ്പനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്ദ്രാ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിറക്കി

Update: 2021-09-22 19:21 GMT

വഡോദര: ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 21000 കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ ഇ ഡിയും അന്വേഷണം തുടങ്ങി. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് അദാനിക്ക് നടത്തിപ്പ് ചുമതല കൊടുത്ത കച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് സംഭവിച്ചത്. രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടിച്ചത്.


അറസ്റ്റിലായ അഫ്ഗാന്‍ പൗരന്‍മാരെയും തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്. ദമ്പതികളുടെ കമ്പനിയിലേക്കുള്ള ടാല്‍കം പൗഡറെന്നാണ് രേഖകളിലുണ്ടായിരുന്നത്. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സര്‍ക്കാറും സംശയ നിഴലിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇത് പോലെ എത്ര കണ്ടെയ്‌നറുകള്‍ വന്ന് പോയിക്കാണുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.


അതേസമയം കമ്പനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്ദ്രാ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിറക്കി. തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്‌നറുകളിലുള്ള സാധനങ്ങളില്‍ ഉത്തരവാദിത്തമില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.




Tags:    

Similar News