നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന; വ്യാപന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ടെസ്റ്റിങ് യൂനിറ്റുകള്‍

പരിശോധന, നിയന്ത്രണം, വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

Update: 2021-04-15 09:27 GMT
നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന; വ്യാപന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ടെസ്റ്റിങ് യൂനിറ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിങ് യൂനിറ്റുകള്‍ ഉപയോഗപ്പെടുത്തും.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം. കണ്ടെന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നത് കൊവിഡ് പരിശോധനയ്ക്ക് തടസ്സമാവുന്ന രീതിയിലാവരുത്. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയും ഔട്ട്‌ഡോര്‍ പരിപാടികളില്‍ 150 ആയും പരിമിതപ്പെടുത്തി.

എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം. ബോധവല്‍ക്കരണത്തിന് ഉതകുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സ്വമേധയാ തയ്യാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കാര്‍ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മതനേതാക്കള്‍ സഹകരിക്കുന്നുണ്ട്. ജില്ലാ ഭരണാധികാരികള്‍ അതത് പ്രദേശത്തെ മതനേതാക്കളുമായും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി വിപി ജോയ്, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News