ഡല്‍ഹി ആരോഗ്യ അടിയന്തിരാവസ്ഥ: ചര്‍ച്ച ചെയ്യാനെത്തിയത് 28 ല്‍ 4 പേര്‍, ജിലേബി ആസ്വദിച്ച് ഗൗതം ഗംഭീര്‍ ഇന്റോറിലും
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍, ഹസ്‌നായിന്‍ മസൂദി, സി ആര്‍ പാട്ടില്‍, സഞ്ജയ് സിങ് തുടങ്ങിയവരാണ് പങ്കെടുത്തവര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍, ഗൗതം ഗംഭീര്‍, ഹേമ മാലിനി തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നില്ല.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു. ഇന്ന് പതിനൊന്ന് മണിക്കായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. പങ്കെടുക്കേണ്ടിയിരുന്ന 28 പേരില്‍ 24 പേരും യോഗത്തില്‍ പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്. 21 ലോക്‌സഭ മെമ്പര്‍മാരെയും 8 രാജ്യസഭാ മെമ്പര്‍മാരെയുമാണ് ക്ഷണിച്ചിരുന്നത്.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍, ഹസ്‌നായിന്‍ മസൂദി, സി ആര്‍ പാട്ടില്‍, സഞ്ജയ് സിങ് തുടങ്ങിയവരാണ് പങ്കെടുത്തവര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍, ഗൗതം ഗംഭീര്‍, ഹേമ മാലിനി തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നില്ല.
യോഗവിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് പരിസ്ഥിതി, വനം കാലാവസ്ഥ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഷെഡ്യൂള്‍ ചെയ്തിരുന്ന മൂന്ന് യോഗങ്ങള്‍ പ്രകാശ് ജാവേദ്കര്‍ മാറ്റിവച്ചുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
യോഗത്തിനെത്തേണ്ടിയിരുന്ന ഗൗതം ഗംഭീര്‍ അതേസമയത്ത് ഇന്റോറില്‍ ജിലേബി തിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവന്നത് വിവാദമായി. ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മാച്ച് കാണുന്നതിനാണ് ഗൗതം ഗംഭീര്‍ ഇന്റോര്‍ സന്ദര്‍ശിച്ചതെന്നാണ് റിപോര്‍ട്ട്.
Delhiites ; You chose Gautam over Atishi, who is busy with Cricket Commentary & Skipped the meeting on #Pollution in Delhi #gautamgambhir #ShameOnGautamGambhir pic.twitter.com/jdQYNBFrp7
— PRAJNESH PUROHIT (@PurohitPrajnesh) November 15, 2019
പങ്കെടുക്കേണ്ടിയിരുന്ന സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്താത്തതില്‍ ചെയര്‍മാന്‍ ജഗദാംബിക പാല്‍ രോഷം പ്രകടിപ്പിച്ചു. എംപിമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സ്പീക്കറെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായുമലിനീകരണം കടുത്തതിനെ തുടര്‍ന്ന് ഡല്‍ഹിനിവാസികള്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് എംപിമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച.