കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബോംബ് നിര്‍മിച്ച സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. കുന്നോത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും കസ്റ്റഡിയിലുണ്ട്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് ഇയാള്‍ പിടിയിലായത്. നാല് പേരും ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരാണ്. രാത്രി സ്ഥലത്തുണ്ടായിരുന്നവരില്‍ മരിച്ച ഷെറില്‍, ഗുരുതര പരിക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവരുള്‍പ്പെടെ എട്ട് പേരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും സിപിഎം അനുഭാവികളാണ്.
നിരവധി ക്രിമിനല്‍ കേസുകളും ഇവര്‍ക്കെതിരെയുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുളള ഇവരെ തിരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷിക്കുന്നതില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാവുകയാണ്. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് തെളിഞ്ഞിട്ടും എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി എന്നതില്‍ ഇനിയും ഉത്തരമില്ല. അന്വേഷണത്തിലെ പോലിസിന്റെ മെല്ലെപ്പോക്കിലും വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ മൂളിയാന്തോട് ക്രിമിനല്‍ സംഘം ബോബുണ്ടാക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി തളളി. ഇന്റലിജന്‍സ് റിപോര്‍ട്ടിനെ കുറിച്ച് അറിവില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്‌ഫോടനമുണ്ടായ പ്രദേശത്ത് ഇന്നും പോലിസ് പരിശോധനയുണ്ട്. പരിക്കേറ്റ വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.