ന്യൂഡല്‍ഹി; യുപിയില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം പോളിങ് നടന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് യുപിയില്‍ നടക്കുന്നത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63.5 ശതമാനമായിരുന്നു പോളിങ്. ഒന്നാം ഘട്ടത്തില്‍ 58 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ചില ബൂത്തുകളില്‍ ഇവിഎം, വിവിപാറ്റ് തകരാറുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ത്ഥികളിലൊരാളാണ്. നോയിഡയില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഇവിടത്തെ സിറ്റിങ് എംഎല്‍എയാണ് അദ്ദേഹം. യുപി ഗവര്‍ണറുടെ മകന്‍ ബേബി റാണി മൗര്യയാണ് മറ്റൊരു പ്രമുഖ.
തിരഞ്ഞെടുപ്പ് റാലി മൂലം തനിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്ന എസ് പി സഖ്യത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ മേധാവി ജയന്ത് ചൗധരിയുടെ പ്രസ്താവന വലിയ വിവാദമായി. തുടര്‍ന്ന് വോട്ട് ചെയ്യാന്‍ മണ്ഡലമായ ബിജ്‌നോറിലേക്ക് പോയെങ്കിലും സമയത്തെത്താനായില്ല.
2017 തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന 58 മണ്ഡലങ്ങളില്‍ 91 ശതമാനവും ബിജെപിയാണ് നേടിയത്. പക്ഷേ, കര്‍ഷക സമരത്തിന്റെ പ്രധാന സ്വാധീനമേഖലയായ ഈ പ്രദേശങ്ങള്‍ ഇത്തവണ ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്.