ഹോളി ദിനത്തില്‍ വയോധികനെ ബലിനല്‍കിയ നാലു പേര്‍ അറസ്റ്റില്‍; മന്ത്രവാദി ഒളിവില്‍
ഔറംഗാബാദ്: ഹോളി ദിനത്തില്‍ വയോധികനെ ബലി നല്‍കിയ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഗുലാബ് ഭിഗ ഗ്രാമത്തിലെ യുഗല്‍ യാദവ് എന്ന 65 കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഹോളിയുടെ ഭാഗമായ ദഹന പരിപാടിക്കിടെ മാര്‍ച്ച് 13നാണ് കൊല നടത്തിയിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. തിന്‍മയുടെ മേല്‍ നന്‍മ നേടിയ വിജയമെന്ന പേരിലാണ് ഹോളി ദഹന്‍ നടത്തുന്നത്.
യുഗല്‍ യാദവിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് ഔറംഗാബാദ് എസ്പി അംബരീഷ് രാഹുല്‍ പറഞ്ഞു. ബംഗര്‍ എന്ന ഗ്രാമത്തില്‍ ഹോളി കാ ദഹന്‍ നടന്ന സ്ഥലത്ത് നിന്ന് മനുഷ്യന്റെ കത്തിക്കരിഞ്ഞ അസ്ഥികള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് പോലിസ് കൊണ്ടുവന്ന ഡോഗ് സ്‌ക്വോഡിലെ നായ മന്ത്രവാദിയായ രാമാശീഷ് റിക്വാസന്‍ എന്നയാളുടെ വീട്ടില്‍ എത്തി. പക്ഷേ, രാമാശീഷ് വീട്ടിലുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ധര്‍മേന്ദ്ര എന്നയാളെ പോലിസ് ചോദ്യം ചെയ്തു. ഇയാളാണ് കൊലപാതകത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. ധര്‍മേന്ദ്രയും സംഘവുമാണ് യുഗല്‍ യാദവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് തല വെട്ടിക്കൊന്ന ശേഷം ശരീരം കത്തിക്കുകയായിരുന്നു. കുട്ടികളില്ലാത്ത സുധീര്‍ പാസ്വാന്‍ എന്നയാള്‍ക്ക് വേണ്ടിയാണ് രാമാശിഷ് പൂജ നടത്തിയത്. നേരത്തെ ഒരു കൗമാരക്കാരനെ കൂടി രാമാശിഷ് ബലി നല്‍കിയിരുന്നതായും ധര്‍മേന്ദ്ര വെളിപ്പെടുത്തി. ധര്‍മേന്ദ്രയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുഗല്‍ യാദവിന്റെ തല പോലിസ് ഒരു പാടത്തുനിന്നും കണ്ടെടുത്തു. നിലവില്‍ ധര്‍മേന്ദ്രയും സുധീര്‍ പാസ്‌വാനും ഒരു കുട്ടിയും അടക്കം നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. പോലിസ് അന്വേഷണത്തെ കുറിച്ചുള്ള വിവരം അറിഞ്ഞതോടെ മന്ത്രവാദിയായ രാമാശീഷ് അപ്രത്യക്ഷനായി. ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.