ആറാം നൂറ്റാണ്ടിലെ നവോത്ഥാന വിപ്ലവം പഠനവിഷയമാക്കണം: ഹുസൈന്‍ മടവൂര്‍

Update: 2022-08-27 14:29 GMT

റിയാദ്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ചൂണ്ടിക്കാണിക്കുമ്പോള്‍ നാം ലോകത്തെ ആറാം നൂറ്റാണ്ടിലേക്ക് നയിക്കുകയാണെന്ന് പറയുന്നവര്‍ ആറാം നൂറ്റാണ്ടില്‍ സംഭവിച്ച നവോത്ഥാന ചരിത്രം പഠനവിഷയമാക്കണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ബത്ഹയിലെ റിയാദ് സലഫി മദ്‌റസയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ 'ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം ?' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറാം നൂറ്റാണ്ടില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുണ്ടായത് ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അന്ധകാരനിബിഡമായ ലോകത്തേക്ക് ഒരു പ്രകാശമായിക്കൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ചത്. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന അന്നത്തെ ലോകത്ത് അവര്‍ക്ക് ജീവിക്കാന്‍ അവസരം സൃഷ്ടിച്ചത് പ്രവാചകനാണെന്നോര്‍ക്കണം. വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, സമ്പാദ്യം, ആരാധന തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ഇസ്‌ലാം അനുവദിച്ചുകൊടുത്തിട്ടുണ്ട്.

സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന കുടുംബജീവിതമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. ലിംഗനീതി നടപ്പാക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ആവശ്യമില്ല. ആണ്‍ പെണ്‍ വ്യത്യാസം പ്രകൃതിപരവും ദൈവികവുമാണ്. അത് നിഷേധിക്കുന്നത് പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമാണ്. സമൂഹത്തില്‍ മതനിഷേധവും മൂല്യനിരാസവും പ്രചരിപ്പിക്കുന്ന ന്യൂട്രാലിറ്റി പ്രസ്ഥാനത്തെ എതിര്‍ത്തുതോല്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി പി മുസ്തഫ (കെഎംസിസി), ഷിബു ഉസ്മാന്‍ (റിയാദ് മീഡിയാ ഫോറം), റഹ് മത്തുല്ല ഇലാഹി (തനിമ), ഫൈസല്‍ പൂനൂര്‍ (എംഇഎസ്), ഇബ്രാഹിം സുബ്ഹാന്‍ (നോര്‍ക്ക), സത്താര്‍ കായംകുളം (ഒഐസിസി), മുഹമ്മദ് കുട്ടി കടന്നമണ്ണ (ബത്ഹ ദഅ്‌വ സെന്റര്‍) എന്നിവര്‍ സംസാരിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ജോയിന്റ് സെക്രട്ടറി സാജിദ് കൊച്ചി പങ്കെടുത്തു.

Tags:    

Similar News