കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്. മാര്‍ച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം മാതാവ് അര്‍ച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മക്കളായ അനാമിക (7), ആരവ് (2) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
അന്നേ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോള്‍ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനല്‍ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അര്‍ച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിയായ അര്‍ച്ചന സുഡാനില്‍ നഴ്‌സിംഗ് ജോലി ചെയ്തിരുന്നു.