നെല്ല് സംഭരണത്തില്‍ 73 കോടിയുടെ അഴിമതി; ഗവര്‍ണര്‍ക്ക് പി ടി തോമസ് എംഎല്‍എയുടെ കത്ത്
നിയമസഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്കിടെ ഈ അഴിമതി ഉന്നയിച്ചെങ്കിലും അതിന് മറുപടി നല്‍കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ലെന്നും ഈ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ അനിവാര്യമാണെന്നും പി ടി തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തെ 1.5 ലക്ഷം കര്‍ഷകരില്‍ നിന്നുള്ള നെല്ലു സംഭരണത്തില്‍ പ്രതിവര്‍ഷം 73 കോടി രൂപയുടെ അഴിമതി നടക്കുന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കത്തുയച്ചു. നിയമസഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്കിടെ ഈ അഴിമതി ഉന്നയിച്ചെങ്കിലും അതിന് മറുപടി നല്‍കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ലെന്നും ഈ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ അനിവാര്യമാണെന്നും പി ടി തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്ന നെല്ല് മില്ലുകാര്‍ക്കു കൊടുത്തു തിരികെ വാങ്ങുന്ന അനുപാതം കുറച്ചതു മൂലമാണു അഴിമതി സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 2018 ജനുവരി 11ന് കൂടിയ യോഗത്തിലാണ് അമ്പതോളം വന്‍കിട മില്ലുകാരെ സഹായിക്കുന്ന തരത്തിലുള്ള തീരുമാനമെടുത്തത്. നെല്ലു സംഭരണത്തിനു താങ്ങുവില, പാക്കിങ് ചാര്‍ജ്, പ്രോസസിങ് ചാര്‍ജ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്, മറ്റു നികുതി ഉള്‍പ്പെടെ എല്ലാ ചിലവുകളും കേന്ദ്രസര്‍ക്കാരാണു നല്‍കി വരുന്നതെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.
മില്ലുകാര്‍ക്ക് ഒരു കിന്റല്‍ നെല്ലു നല്‍കിയാല്‍ 68 കിലോ അരിയാണു സര്‍ക്കാരിനു മില്ലുകാര്‍ തിരികെ നല്‍കേണ്ടത്. ഇതു കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അനുപാതമാണ്. ഇതു സംബന്ധിച്ചു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണാപത്രവും നിലവിലുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു കിന്റല്‍ നെല്ലില്‍ നിന്നും തിരികെ നല്‍കുന്ന അരിയുടെ അനുപാതം 68 കിലോയില്‍ നിന്നും 64.5 കിലോയായി മില്ലുകാര്‍ക്കു കുറച്ചു നല്‍കുകയായിരുന്നു. ഇതുമൂലം വന്‍കിട മില്ലുകാര്‍ക്കു പ്രതിവര്‍ഷം 73 കോടി രൂപയുടെ അമിതലാഭം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി തന്നെ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സപ്ലൈകോ 2019 ഏപ്രില്‍ മാസത്തില്‍ മില്ലുകാരുമായി ഉണ്ടാക്കിയ എഗ്രിമെന്റ് 68 ശതമാനം അരി നല്‍കി കൊള്ളാമെന്നു സമ്മതിച്ചതാണെന്നിരിക്കെ മുഖ്യമന്ത്രിയുടെ ഈ തീരുമാനം ചട്ടവിരുദ്ധമായി മില്ലുകാരെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. തിരികെ തരുന്ന 68 ശതമാനം അരിയില്‍ പലപ്പോഴും കരിഞ്ചന്തയില്‍ ബ്രാന്‍ഡ് അരിയായി പോവുകയും മില്ലുടമകള്‍ ഗുണനിലവാരം കുറഞ്ഞ അരി അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നു കൂട്ടികലര്‍ത്തി നല്‍കുകയും ചെയ്യുന്നു. ഈ അരിയാണ് മിക്കപ്പോഴും റേഷന്‍ കടകളിലുടെ ലഭിക്കുന്നതെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.