ഗസയിൽ ഇസ്രായേലിന്റെ കൂട്ടക്കൊല: ഭക്ഷണത്തിനായി കാത്തുനിന്നവർക്കു നേരെ ആക്രമണം; 77 മരണം
ഗസ സിറ്റി: ഗസയിൽ വിശപ്പടക്കാൻ അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രായേലിന്റെ കൂട്ടക്കുരുതി. ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്കു നേരെയുണ്ടായ ആക്രമണത്തിൽ 77 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 250ലേറെ പേർക്ക് പരിക്കേറ്റു. ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് സമ്പൂർണമായി മാറ്റിപ്പാർപ്പിക്കാനും ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം ഇല്ലാതാക്കാനുമുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഹമാസ് ആരോപിച്ചു. അതിനിടെ ഗസയിലെ നുസ്രത്ത്, ബുറൈജ്, ഖാൻ യൂനിസ് ക്യാംപുകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും 30 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കവിഞ്ഞു.
ഇസ്രായേലിന്റെ ഗസസയിലെ വംശീയ ഉൻമൂലനം കൂട്ടക്കൊലയും തടയാൻ അറബ് ലീഗും യുഎൻ രക്ഷാസമിതിയും യോഗം ചേരണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗസയിലേക്ക് ഭക്ഷണമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഹമാസ് അഭ്യർഥിച്ചു.