രാജ്യത്തെ 88 ശതമാനം കൊവിഡ് മരണങ്ങളും 45 വയസ്സിനു മുകളില്‍; 45 വയസ്സുകാരെ മുന്‍ഗണനാപ്പട്ടികയില്‍ പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 88 ശതമാനവും 45 വയസ്സിനുമുകളിലായതുകൊണ്ടാണ് വാക്‌സിനേഷനുളള കുറഞ്ഞ പ്രായപരിധി 45 വയസ്സാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലം സെക്രട്ടറി രാജേഷ് ഭൂഷന്‍. ഇതുവരെയുള്ള കണക്കനുസരിച്ച് 45 വയസ്സിനു മുകളിലുള്ളവരുടെ കൊവിഡ് മരണനിരക്ക് 2.85 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാക്‌സിനേഷന്‍ പ്രായം കുറയ്ക്കാന്‍ തീരുമാനമെടുത്തതിനു പിന്നില്‍ ഇതും കാരണമാണ്. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ എക്‌പെര്‍ട്ട് ഗ്രൂപ്പ് ഫോര്‍ വാക്‌സിനേഷന്‍ ഫോര്‍ കൊവിഡ് 19നാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചത്. പുതിയ തീരുമാനമനുസരിച്ച് ജനുവരി 1, 1977നു മുന്‍പ് ജനിച്ചവര്‍ മുന്‍ഗണനാവിഭാഗമായ സാഹചര്യത്തില്‍ വാക്‌സിനെടുക്കാന്‍ ഗുരുതര രോഗമുളളവരെന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യമില്ല. രാജ്യത്ത് 2011ലെ സെന്‍സസ് അനുസരിച്ച് 18.3 ശതമാനം പേരാണ് 45 വയസ്സിനു മുകളിലുള്ളത്.
പുതിയ തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുത്തുന്നതിനായി കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സോഫ്റ്റ് വെയറായ CoWINല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. CoWIN രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നു മുതല്‍ നടത്താന്‍ കഴിയും.
രണ്ട് ഘട്ടങ്ങളായി 300 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിരുന്നത്. ആദ്യ ഘട്ടം 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമായി നീക്കിവച്ചു. അത് ജനുവരി 16നാണ് ആരംഭിച്ചത്. രണ്ടാം ഘട്ടം ഫെബ്രുവരി 2 മുതല്‍ തുടങ്ങി. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവര്‍ക്കുമായിരുന്നു അവസരം നല്‍കിയത്. ഇത് ഏകദേശം 270 ദശലക്ഷം പേര്‍ വരും.
അതേസമയം ഇതുവരെ 50 ദശലക്ഷം പേര്‍ക്കു മാത്രമേ വാക്‌സിന്‍ നല്‍കാനായിട്ടുള്ളു. വാക്‌സിന്‍ എടുക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള മടിയാണ് കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.