94 ലക്ഷം കുടുംബങ്ങള്‍ക്ക് 3 മാസം സൗജന്യ റേഷനുമായി ഒഡീഷയുടെ കൊവിഡ് പ്രതിരോധപദ്ധതി
ഭുവനേശ്വര്‍: കൊവിഡ് പ്രരോധത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഒഡീഷ, 94 ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്നു മാസം സൗജന്യ റേഷന്‍ അനുവദിച്ചു. ഏപ്രില്‍- ജൂണ്‍ മാസത്തേക്കുള്ള അരിയാണ് ഉടന്‍ അനുവദിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി.
പ്രധാനമന്ത്രിയുടെ ഗരീബ് കല്യണ്‍ യോചന പ്രകാരമുള്ള വിഹിതവും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെയും സംസ്ഥാന ഭക്ഷ്യസുരക്ഷ സ്‌കീമിന്റെയും വിഹിതവും ഉള്‍പ്പെടുത്തിയാണ് റേഷന്‍ അനുവദിച്ചിട്ടുളളത്.
''സ്‌കീമിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് ഒരാള്‍ക്ക് മാസം 5 കിലോ വീതം അരിയും ഒരു കിലോ വീതം പരിപ്പും ലഭിക്കും'' ഭക്ഷ്യ വിതരണ വകുപ്പിലെ ജോ. സെക്രട്ടറി എംക്യു ഹഖ് പറഞ്ഞു.
ഇതിന്റെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും റേഷന്‍ വിഹിതം എത്തിച്ചുനല്‍കാന്‍ എല്ലാ കലക്ടര്‍മാരോടും വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ 94,01,563 കുടുബങ്ങളിലായി 3,28,49,327 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
സംസ്ഥാനത്ത് ഇതുവരെ 54 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 12 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.