കാര്‍ഷിക നിയമം പിന്‍വലിച്ചുവെന്ന് വിശ്വസിക്കണമെങ്കില്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കണം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് കര്‍ഷക സംഘടനകള്‍. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ വിശ്വസിക്കാനാവൂ എന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണെമെന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘനടകളുടെ സംയുക്ത വേദിയായ സംയുക്ത കര്‍ഷക മോര്‍ച്ച ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയത്. പ്രതിഷേധം ഒരു വര്‍ഷത്തോടടുക്കാനിരിക്കെ രണ്ട് ദിവസം മുമ്പ് നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിലാണ് അവിശ്വാസം പ്രകടിപ്പിച്ച് കര്‍ഷക സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്.
''പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം കണ്ടശേഷം മാത്രമേ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കും''- നേതാക്കള്‍ പറഞ്ഞു.
നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ച നിലക്ക് സമരം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആവശ്യം. അതാണിപ്പോള്‍ സമരക്കാര്‍ തള്ളിയത്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇതിനു പുറമെ മറ്റ് ചില ആവശ്യങ്ങള്‍ കൂടി മുന്നോട്ടുവച്ചിട്ടുണ്ട്.
ലഖിംപൂര്‍ ഖേരിയില്‍ കൊലപാതകത്തിന് കൂട്ടുനിന്ന കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക, താങ്ങുവില നിയമം കൊണ്ടുവരിക തുടങ്ങിയവയാണ് മറ്റ് ചില ആവശ്യങ്ങള്‍.