ഒന്നര മാസത്തിനു ശേഷം സിദ്ദിഖ് കാപ്പന്‍ ഭാര്യ റെയ്ഹാനയുമായി സംസാരിച്ചു

Update: 2020-11-24 18:20 GMT

ഹാഥ്‌റസ്: ഹാഥ്‌റസ് സംഭവം  റിപോര്‍ട്ട് ചെയ്യാന്‍ പോകും വഴി  യുപി പോലിസ് അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന്‍ ഒന്നര മാസത്തിനു ശേഷം ഭാര്യയുമായി സംസാരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സിദ്ദിഖ് ജയില്‍ സൂപ്രണ്ടിന്റെ ഫോണില്‍ നിന്ന് ഉമ്മയുടെ ഫോണിലേക്ക് വിളിച്ചത്. സിദ്ദിഖ് ഉമ്മയോടും ഭാര്യ റെയ്ഹാനയോടും മക്കളോടും സംസാരിച്ചു. താന്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച കാര്യം റെയ്ഹാന തന്നെയാണ് എഫ്ബിയില്‍ പങ്കുവച്ചത്.

ജയില്‍ അധികൃതര്‍ തന്നോട് മാന്യമായാണ് പെരുമാറിയതെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഏറെ നേരം സംസാരിക്കാനും സാധിച്ചുവെന്ന് റെയ്ഹാന പറഞ്ഞു. ഒക്ടോബര്‍ 4ാം തിയ്യതിയാണ് സിദ്ദിഖിന്റെ കുടുംബം സിദ്ദിഖുമായി അവസാനം സംസാരിച്ചത്.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകും വഴിയാണ് മൂന്നു പേര്‍ക്കൊപ്പം യുപി പോലിസ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ 5 ന് അറസ്റ്റ് ചെയ്തത്. ഹാഥ്‌റസില്‍ സംഘര്‍ഷമുണ്ടാക്കാനാണ് കാപ്പന്‍ പോയതെന്നായിരുന്നു പോലിസിന്റെ ആരോപണം.

അറസ്റ്റ് ചെയ്ത ശേഷം സിദ്ദിഖിന് അഭിഭാഷകരെ കാണാനോ കുടുംബവുമായി സംസാരിക്കാനോ അവസരം നല്‍കിയിരുന്നില്ല. സിദ്ദിഖിന്റെ അറസ്റ്റിനെതിരേ രാജ്യത്താകമാനം കനത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Tags:    

Similar News