വേറിട്ട വനിതാദിന ആഘോഷം; ആറ് രാജ്യങ്ങളിലിരുന്ന് 16 അമ്മമാര്‍ ഒന്നിച്ച് ഒരേ ചുവടുമായി നൃത്തവീഡിയോ

Update: 2021-03-09 14:30 GMT

മാള: 16 പേര്‍, 16 സ്ഥലങ്ങള്‍- ഒരേ നൃത്തച്ചുവടുമായി പലയിടത്തിരുന്ന് അവര്‍ ഒന്നിച്ചപ്പോള്‍ അത് ഹൃദൃമായ അനുഭവമായി. വനിതാദിനത്തിന്റെ ഭാഗമായാണ് അവര്‍ നൃത്തവീഡിയോയുമായി രംഗത്തുവന്നത്. 16 പേരും മാള സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ 2008-12 ബാച്ചിലെ സഹപാഠികളാണ്. ഇപ്പോള്‍ അമ്മമാരും ജോലിക്കാരുമാണ്. പലരും കാനഡ, അമേരിക്ക, യുഎഇ, ഖത്തര്‍, ആസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് താമസിക്കുന്നത്.

ബയോടെക്‌നോളജി വിഭാഗത്തില്‍ പഠിച്ച ഇവര്‍ സഹൃദയ കോളേജിലെ ആദ്യ വര്‍ഷം മുതലേ സംഘനൃത്തം, തിരുവാതിരക്കളി, ഒപ്പന തുടങ്ങി കലാ മത്സരങ്ങളില്‍ സജീവമായിരുന്നു. ഒരു ദിവസം ഇവരുടെ കൂട്ടത്തിലുള്ള അഖില കണ്ട സ്വപ്‌നത്തില്‍ നിന്നാണ് ഈ വെര്‍ച്വല്‍ നൃത്തത്തിന്റെ പിറവി. ഇവരെല്ലാവരും വീണ്ടും സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെത്തി നൃത്തം ചെയ്യുന്നതായിരുന്നു സ്വപ്‌നം. എന്നാല്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലീവ് കിട്ടാന്‍ സാദ്ധ്യതയില്ല. കോളേജിലെത്തി ഡാന്‍സ് ചെയ്യുന്നതും പ്രായോഗികമല്ല. അതുകൊണ്ടാണ് പാട്ട് തിരഞ്ഞെടുത്ത് എല്ലാവരും തങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ നൃത്തം ചെയ്ത് വീഡിയൊ എടുക്കാമെന്ന് തീരുമാനിച്ചത്.

വിയന്നയിലുള്ള പ്രീജ വാളൂക്കാരന്‍, തൃശ്ശൂരില്‍ നിന്ന് റിഷ്മു അനൂപ്, അഖില ശ്രീനാഥ്, അബുദാബിയില്‍ നിന്ന് അംന സംജീദ്, ദുബായിയില്‍ നിന്ന് ഹന്ന ദീപക്, ലിനെറ്റ് ചാക്കോ, കാലിഫോര്‍ണിയയില്‍ നിന്ന് ജിസ്സ ജേക്കബ്, അങ്കമാലിയില്‍ നിന്ന് ലിമി മത്തായി, ബാംഗ്ലൂരില്‍ നിന്ന് മെറീന ഒലിവര്‍, ടെക്‌സസില്‍ നിന്ന് മെര്‍ലിന്‍ തമ്പി, എറണാകുളത്ത് നിന്ന് മോണിക്ക റാഫേല്‍, രേഷ്മ തോമസ്, ഇരിങ്ങാലക്കുടയിലെ നികിത ബാലകൃഷ്ണന്‍, കണ്ണൂരിലെ വിന്ധ്യ വി ടി, ദോഹയിലെ സന റിക്കാസ്, ടൊറന്റോയില്‍ നിന്ന് എ സുഭദ്രലക്ഷ്മി എന്നിവരാണ് നര്‍ത്തകര്‍. നിഖില്‍ ബാലകൃഷ്ണനാണ് എഡിറ്റിംഗ് നടത്തിയത്.

Tags:    

Similar News