ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെങ്കില്‍ ഇനി വോട്ടര്‍ ഐഡിയോ പാസ്‌പോര്‍ട്ടോ വേണം; ഉത്തരവുമായി ഡല്‍ഹി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ഡല്‍ഹിയില്‍ ഇനി ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ കൊണ്ട് സാധിക്കില്ലെന്ന് പോലിസ്. വോട്ടര്‍ ഐഡി കാര്‍ഡുകളോ പാസ്‌പോര്‍ട്ടുകളോ മാത്രമെ തെളിവായി സ്വീകരിക്കൂ എന്നും പോലിസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരംഭിച്ച വെരിഫിക്കേഷന്‍ പ്രോസസ്സില്‍ നിരവധി വിദേശ പൗരന്മാര്‍ പൗരത്വം തെളിയിക്കാന്‍ ആധാര്‍, റേഷന്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രം ഈ തീരുമാനമെടുത്തതെന്ന് ഡല്‍ഹി പോലിസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹിയിലെ എല്ലാ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും അവരുടെ ജില്ലകളിലെ 'സംശയാസ്പദമായ ആളുകളുടെ' പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'അവരില്‍ അവസാനത്തെയാളെയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതുവരെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരായ ഞങ്ങളുടെ നടപടി തുടരും. ആവശ്യമെങ്കില്‍, അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ഞങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ താമസിക്കുന്ന ഏകദേശം 3,500 പാകിസ്ഥാന്‍ പൗരന്മാരില്‍ 520 പേര്‍ മുസ് ലിംകളാണെന്ന് പോലിസ് പറയുന്നു. ഇതില്‍ 400 ലധികം പേര്‍ ശനിയാഴ്ച വരെ അട്ടാരി അതിര്‍ത്തി വഴി പാകിസ്താനിലേക്ക് മടങ്ങി. മിക്കവരും ഹ്രസ്വകാല വിസകളിലാണ് ഇന്ത്യയിലെത്തിയത്.