എഎപി- ബിജെപി സംഘര്‍ഷം; ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തടസ്സപ്പെട്ടു

Update: 2023-02-06 09:35 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തടസ്സപ്പെട്ടു. എഎപി- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളിയിലെത്തിയതോടെയാണ് യോഗം പിരിച്ചുവിട്ടത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ അവസരം നല്‍കിയതോടെയാണ് ആം ആദ്മി പ്രതിഷേധിച്ചത്. ഇതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങളും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ ഇന്ന് തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് ബിജെപി കൗണ്‍സിലറും പ്രിസൈഡിങ് ഓഫിസറുമായ സത്യശര്‍മ നിലപാടെടുക്കുകയായിരുന്നു.

എന്നാല്‍, എഎപി അംഗങ്ങള്‍ ഇപ്പോഴും ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോര്‍പറേഷനിലേക്ക് 10 അംഗങ്ങളെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാം, ഇവര്‍ക്ക് വോട്ടവകാശമില്ലെന്നാണ് എഎപി വാദം. എന്നാല്‍, ഇവര്‍ക്ക് വോട്ടവകാശമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയില്ല എന്നതുകൊണ്ട് ഇവര്‍ക്ക് വോട്ടവകാശമില്ലെന്ന് പറയാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഡല്‍ഹി കോര്‍പറേഷന്‍ തിതരഞ്ഞെടുപ്പ് നടന്നത്.

250 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 134 വാര്‍ഡിലും എഎപിയാണ് വിജയിച്ചത്. ബിജെപിക്ക് 104 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ മേയറെ തിരഞ്ഞെടുക്കാനായില്ല. കഴിഞ്ഞ ജനുവരി ആറിനും 24നും മേയറെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നെങ്കിലും ബിജെപി- എഎപി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

Tags:    

Similar News